''ഒരു ഫോൺ കോള്‍, ഏത് ലഹരിയും മുന്നിലെത്തും'; കോഴിക്കോട് എംഡിഎംഎയുമായി പിടിയിലായത് വൻ മാഫിയിയിലെ കണ്ണി



കോഴിക്കോട്: തുടർച്ചയായ കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. കാസർഗോഡ് സ്വദേശിയായ അഹമ്മദ് ഇർഷാദാണ് പിടിയിലായത്. ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേന ബെംഗളൂരു കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന മയക്കുമരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ.പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയിൽ നിന്നും 70 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. ബാംഗ്ലൂർ നിന്നും കോഴിക്കോട് വഴി കടത്തിക്കൊണ്ടു പോകുകയായിരുന്ന വീര്യം കൂടിയ രാസലഹരിമരുന്നാണ് പിടികൂടിയത്. എലത്തൂർ ട്രെയിൻ സംഭവത്തിനുശേഷം ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ. ബൈജുവിന്‍റെ നേതൃത്വത്തിൽ സിറ്റി പൊലീസ് പരിധിയിൽ കർശന പരിശോധനയാണ് നടന്നുവരുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നിന്നും പ്രതിയെ പിടികൂടിയത്.  

ഗ്രാമിന് ആയിരം രൂപയ്ക്ക് ബാംഗ്ലൂർ നിന്നും കൊണ്ടുവരുന്ന എംഡിഎംഎ റീട്ടെയിൽ മാർക്കറ്റിൽ മൂവായിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്. ബെംഗളൂരു സിറ്റിയിൽ ലഹരി തേടിയെത്തുന്നവർക്ക് ഇർഷാദിന്റെ ഫോണിൽ ബന്ധപ്പെട്ടാൽ ഏത് തരം മയക്കുമരുന്നും ഞൊടിയിടയിൽ എത്തിച്ച് നൽകാറാണ് പതിവ്. ബെംഗളൂരുവിലെ കുപ്രസിദ്ധമായ ആഫ്രിക്കൻ കോളനിയിൽ നിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതെന്ന് പ്രതി സമ്മതിച്ചു. ബെംഗളൂരു - കോഴിക്കോട് റൂട്ടിൽ രാത്രിയിൽ സർവ്വീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാൾ കേരളത്തിലേക്ക് എംഡിഎംഎ കടത്തിയിരുന്നത്. രാത്രിയിൽ ബസ്സിൽ ചെക്കിങ് ഇല്ലാത്തതുകൊണ്ടാണ് ഈ മാർഗ്ഗം തെരഞ്ഞെടുത്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പ്രതിയെ കസബ സബ് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തു. 

youth arrested with 70 gram mdma in kozhikode






Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post