കനോലി കനാൽ : ശുചീകരണ യജ്ഞത്തിന് തുടക്കം



കോഴിക്കോട് : കനോലി കനാലിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കനാൽ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനോലി കനാൽ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കനോലി കനാൽ ജലപാതാ നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് 1100 കോടി രൂപ സർക്കാർ അനുവദിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ കോഴിക്കോടിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനാവും. ജലഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരത്തിന്റെയും പുതിയസാധ്യതകൾ പദ്ധതി തുറക്കുമെന്ന് മന്ത്രി പറഞ്ഞു. മേയർ ഡോ. ബീനാ ഫിലിപ്പ് അധ്യക്ഷയായി.
നിലവിലുള്ള 11.20 കിലോ മീറ്റർ നീളമുള്ള കനാലിനെ എട്ട് സെക്ടറുകളാക്കി തിരിച്ചാണ് ശുചീകരണം. ഓരോ സെക്ടറിലും പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനു വാർഡ് കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർക്കുപുറമേ ജലസേചനവകുപ്പ് ജീവനക്കാരെയും വിന്യസിച്ചു. എട്ട് സെക്ടറുകളിൽനിന്ന്‌ ശേഖരിച്ച ജലം സി.ഡബ്ലു.ആർ.ഡി.എം. പരിശോധനനടത്തി റിപ്പോർട്ട് സമർപ്പിക്കും.

ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, സ്ഥിരംസമിതി അംഗങ്ങളായ പി. ദിവാകരൻ, സി. രേഖ, ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരി, ജലസേചനവകുപ്പ് സൂപ്രണ്ടിങ് എൻജിനിയർ ബാലകൃഷ്ണൻ മണ്ണാറക്കൽ, എക്സിക്യുട്ടീവ് എൻജിനിയർ ശാലു സുധാകർ, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ കെ. ഫൈസൽ എന്നിവർ സംസാരിച്ചു.

കോഴിക്കോട് കോർപ്പറേഷൻ, ജില്ലാ ഭരണകൂടം, ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം തുടങ്ങിയത്. പോലീസ്, അഗ്നിരക്ഷാസേന, ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സേനയിലുള്ള സന്നദ്ധ പ്രവർത്തകർ, കോർപ്പറേഷൻ തൊഴിലുറപ്പ് തൊഴിലാളികൾ, ഹെൽത്ത് വൊളന്റിയർമാർ, സന്നദ്ധസംഘടനകൾ, പ്രവർത്തകർ തുടങ്ങിയവർ ശുചീകരണയജ്ഞത്തിൽ പങ്കാളികളായി.

Canoli canal cleaning

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post