
കോഴിക്കോട് : കവറുകളിൽ കെട്ടി പുഴുവരിച്ച തൊടാൻപോലും അറപ്പുളവാക്കുന്ന ജൈവമാലിന്യം, ഉപയോഗിച്ചുവലിച്ചെറിയുന്ന ഡയപ്പറുകൾ. ബൈപ്പാസ് ശുചീകരണത്തിനെത്തിയവർക്ക് മുന്നിൽ നിറഞ്ഞതിലേറെയും ഇത്തരം മാലിന്യം. കോർപ്പറേഷന്റെ നേതൃത്വത്തിൽ ബൈപ്പാസിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ ജനകീയശുചീകരണത്തിലൂടെ നീക്കിയത് 12 ടൺ മാലിന്യമാണ്.
ഇതിൽ ഏഴുടണ്ണും ജൈവമാലിന്യമാണ്. രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാച്ചാക്കൽ, കണ്ണാടിക്കൽ, മാളിക്കടവ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണം. വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യംതള്ളുന്ന സ്ഥിതിയാണിവിടെ. ഭക്ഷണാവശിഷ്ടങ്ങൾ ഒന്നിച്ച് സഞ്ചിയിൽ കെട്ടിത്തള്ളിയതിനാൽ അവയൊന്നും സംസ്കരിക്കാൻപോലും കഴിയാത്ത സ്ഥിതിയായിരുന്നു. മാലിന്യത്തിന്റെ മുകളിലുള്ള കവറിൽനിന്ന് പല മേൽവിലാസക്കാരെയും കണ്ടെത്തിയിട്ടുണ്ട്. അതുപ്രകാരം അന്വേഷിച്ച് അവർക്കെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു.
പതിപ്പിച്ചിട്ടുള്ള ക്യു.ആർ.കോഡ് വഴിയും ചിലരെ കണ്ടെത്തി സ്ഥലത്ത് വിളിച്ചുവരുത്തി.
കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളും ഹരിതകർമസേനാംഗങ്ങളുമായി 120-ൽ ഏറെപ്പേർ ശുചീകരണത്തിൽ പങ്കെടുത്തു.
മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കൗൺസിലർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു.
നിരീക്ഷിക്കും, നടപടിയെടുക്കും
മാലിന്യം വലിച്ചെറിയുന്നത് തടയാൻ പോലീസിന്റെയും കോർപ്പറേഷന്റെയും നിരീക്ഷണം ശക്തമാക്കും.
ജനങ്ങളുടെ സമീപനത്തിൽ മാറ്റമുണ്ടായാലേ പ്രദേശം മാലിന്യമുക്തമാവൂ. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികളെടുക്കുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. ബൈപ്പാസിന്റെ പണി കഴിഞ്ഞാൽ മാത്രമേ നിരീക്ഷണക്യാമറകൾ സ്ഥാപിക്കാനാവൂ. താത്‌കാലികമായി ഏതെങ്കിലുംതരത്തിൽ ക്യാമറാസംവിധാനം ഒരുക്കാനാവുമോയെന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ജനകീയകമ്മിറ്റികൾക്കും ചുമതലയുണ്ടാകും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താം. ഫോട്ടോസഹിതം ഇ-മെയിൽ വഴി പരാതി നൽകാം. ഇ-മെയിൽ: cpkkd.pol@kerala.gov.in.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Waste management