കോഴിക്കോട്: കോടഞ്ചേരി പതങ്കയത്ത് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാരാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ടുപേരാണ് പുഴയിൽ കുടുങ്ങിയത്. തിരുവനന്തപുരത്തും കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് മലയോര മേഖലയിലാണ് കനത്ത കാറ്റും മഴയുമുള്ളത്. മഴയും നീരൊഴുക്കും ശക്തമായതോടെ തിരുവമ്പാടി പുന്നക്കൽ ചെറുപുഴയിലും മലവെള്ളപ്പാച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പുഴയിൽ പാലം പണിക്കായി താൽക്കാലികമായി നിർമ്മിച്ച പാലം ചെറുപുഴയിലെ മലവെള്ളപ്പാച്ചിൽ ഒലിച്ചുപോയി. ചേമഞ്ചേരി കാപ്പാട് ഏരൂൽ ഭാഗത്ത് ശക്തമായ ഇടിമിന്നലുമുണ്ടായി. ചില വീടുകൾക്ക് ഇടിമിന്നലിൽ കേട്പാടും സംഭവിച്ചിട്ടുണ്ട്. മുൻവശത്തെ ജനലുകൾക്കും ഭിത്തികൾക്കുമാണ് കേട്പാട് പറ്റിയത്. തിരുവനന്തപുരത്തെ നഗര മേഖലയിൽ ഒരു മണിക്കൂറായി ഇടിമിന്നല്ലോട് കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലയിൽ രണ്ടര മണിക്കൂറായി മഴ പെയ്യുകയാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കിയിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്.
പല സ്ഥലത്തും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണെങ്കിലും കേരള, കർണാടക, തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല. ലക്ഷദ്വീപ് പ്രദേശത്ത് ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Kozhikode waterfalls flood Two people rescued
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.