കോഴിക്കോട്:ഇന്ത്യൻ വനിതാ ലീഗ് ജേതാക്കളായി തിരിച്ചെത്തിയ ഗോകുലം ടീമിനെ സ്വീകരിച്ചത് സ്വന്തം ഗ്രൗണ്ടിൽ കളിക്കാൻ അനുവദിക്കില്ലെന്ന കോർപറേഷന്റെ തീരുമാനം. കേരള താരങ്ങളുമായി ദേശീയ രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനിറങ്ങുന്ന തങ്ങൾക്ക് സ്വന്തം നാട്ടിലെ സ്റ്റേഡിയം വിട്ടു നൽകില്ലെന്ന അധികൃതരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതാണെന്ന് ഗോകുലം പ്രതിനിധികൾ പറഞ്ഞു.ഗോകുലം കേരള എഫ്‌സി രണ്ട് ഐ-ലീഗ് കിരീടങ്ങളും മൂന്ന് വനിതാ കിരീടങ്ങളും നേടിയിട്ടുണ്ട്. ഏഷ്യയിലെ പുരുഷ-വനിത വിഭാഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
5 വർഷത്തിനിടയിൽ കേരളത്തിൽനിന്നുള്ള 30 കളിക്കാരെങ്കിലും ലീഗിലും എഎഫ്‌സി മത്സരങ്ങളിലും ഗോകുലത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നുള്ളവരാണ്. ഗോകുലത്തിലൂടെ വളർന്ന മലബാർ താരങ്ങളിൽ പലരും ഐഎസ്എൽ കളിക്കാൻ പോയി. കോഴിക്കോട്ടുനിന്ന് ഇത്രയും നേട്ടങ്ങളുണ്ടാക്കിയ ക്ലബ്ബുമായി കരാർ നീട്ടേണ്ടതില്ലെന്ന് എങ്ങനെയാണ് കോർപറേഷൻ തീരുമാനം എടുത്തതെന്ന സംശയത്തിലാണ് ഗോകുലം അധികൃതർ.
സ്‌റ്റേഡിയത്തിൽ ക്ലബ് ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ലെന്നാണ് കോർപറേഷന്റെ ആരോപണം. ഐ ലീഗ് മത്സരങ്ങൾ ഇവിടെ നടന്നപ്പോഴെല്ലാം അധിക ലൈറ്റുകൾ കൊണ്ടുവന്നാണ് ക്ലബ് വെളിച്ചമൊരുക്കിയത്. തകരാറിലായ സംവിധാനം ക്ലബ്ബിനു കൈമാറുകയും അത് ക്ലബ്ബിനോട് നന്നാക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയാണുണ്ടായത്.
കോർപറേഷന്റെ അനുമതിയോടെ കഴിഞ്ഞ സീസണിൽ സ്റ്റേഡിയത്തിൽ ഇരുനൂറോളം മത്സരങ്ങളാണ് നടന്നത്. ഇതിൽ ഗോകുലത്തിന്റെ 5 മത്സരങ്ങൾ മാത്രമാണ് നടത്തിയത് സന്തോഷ് ട്രോഫി ക്യാംപ്, കെപിഎൽ, കെഡബ്ല്യുഎൽ, സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങൾ, കെഡിഎഫ്എ ജൂനിയർ മത്സരങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ കായികമേളകൾ എന്നിവയും ഇവിടെ നടന്നു.
മൈതാനത്ത് പുല്ല് വളർത്താനും പരിപാലിക്കാനുമുള്ള വിശ്രമ കാലയളവ് പോലും ഗോകുലത്തിനു ലഭിച്ചിട്ടില്ലെന്നു പറയുന്നു. സ്റ്റേഡിയം നിർമിക്കുമ്പോൾ സംഭവിച്ച എല്ലാ ഘടനാപരമായ വൈകല്യങ്ങളും കോർപറേഷൻ ഗോകുലം ക്ലബ്ബിനുമേൽ ആരോപിക്കുകയാണെന്നും ക്ലബ് അധികൃതർ പറഞ്ഞു.
വനിതാ ലീഗ് കിരീടം നേടിയതിന്റെ തൊട്ടടുത്ത ദിവസമാണ് കരാർ റദ്ദാക്കിയ വാർത്ത അറിഞ്ഞത്. സ്റ്റേഡിയം കോർപറേഷൻ കൈമാറിയതു പോലെത്തന്നെ ഞങ്ങൾ പരിപാലിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപ സ്റ്റേഡിയത്തിനായി ചെലവഴിച്ചു. കേരളത്തിനായി ആറു ദേശീയ കിരീടം നേടിയ ക്ലബ്ബിനോട് ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നത് സംസ്ഥാനത്തെ കായിക വിനോദങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും അപമാനമാണ്. സർക്കാരിൽ നിന്ന് ഒരു സഹായവും ഇതുവരെ ക്ലബ്ബിനു ലഭിച്ചിട്ടില്ല. കൊൽക്കത്തയിലും ഒഡിഷയിലും ഗോവയിലും ഫുട്ബോൾ വളരാൻ സർക്കാർ സഹായിക്കുന്നു. എന്നാൽ ഇവിടെ ക്ലബ്ബിനെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്.
വി.സി. പ്രവീൺ,
(ഗോകുലം ക്ലബ് ഉടമ)
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.