എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു; പക്ഷേ ട്രെയിൻ മാത്രം വന്നില്ല



കോഴിക്കോട്:ബെംഗളൂരുവിൽനിന്ന് മൈസൂരു വഴി കണ്ണൂർ വരെ സർവീസ് നടത്തുന്ന പ്രതിദിന ട്രെയിൻ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കണമെന്ന തീരുമാനം വർഷമൊന്നു കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ദിവസവും 5 മണിക്കൂർ കണ്ണൂരിൽ വെറുതെ കിടക്കുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് ദീർഘിപ്പിച്ചാൽ ആയിരക്കണക്കിനു യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. സമ്മർദംമൂലമാണ് തീരുമാനം നടപ്പാക്കാത്തതെന്ന് ആരോപണമുണ്ട്. ബെംഗളൂരുവിലേക്ക് കോഴിക്കോട്ടുകാർക്ക് രണ്ടാമതൊരു പ്രതിദിന ട്രെയിൻ എന്ന ആവശ്യം അവഗണിക്കുമ്പോഴാണ് ഇതും യാഥാർഥ്യമാകാതെ കിടക്കുന്നത്.
16517 നമ്പർ ബെംഗളൂരു സിറ്റി ജംക്‌ഷൻ–കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കാൻ ഡിവിഷൻ തലത്തിലാണ് തീരുമാനമായത്. രാത്രി 8നു ബെംഗളൂരുവിൽനിന്നു പുറപ്പെട്ട് രാത്രി 11.30ന് മൈസൂരുവിലും പിറ്റേന്ന് രാവിലെ 11.25ന് കണ്ണൂരിലും എത്തുന്ന ട്രെയിനാണിത്. മടക്കയാത്ര ദിവസവും വൈകിട്ട് 5ന് കണ്ണൂരിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15ന് മൈസൂരുവിലും 8ന് ബെംഗളൂരുവിലും എത്തും. ഈ 2 ട്രെയിനുകളും കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കണമെന്നാണ് ആവശ്യം.

അതേസമയം, മറ്റൊരു ട്രെയിൻ കാര്യമായ പ്രയോജനമൊന്നും ചെയ്യാതെ ഇപ്പോഴും സർവീസ് നടത്തുന്നുമുണ്ട്. 16565 യശ്വന്ത്പുര–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ആണിത്. കോഴിക്കോട്–ബെംഗളൂരു സെക്ടറിൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ട്രെയിൻ മംഗളൂരുവിലേക്ക് ദീർഘിപ്പിച്ചതോടെയാണ് ഇതിന്റെ പ്രയോജനം കോഴിക്കോട്ടുകാർക്ക് നഷ്ടപ്പെട്ടത്. ആഴ്ചയിലൊരിക്കലാണ് ഈ ട്രെയിൻ.

ഞായറാഴ്ചകളിൽ രാത്രി 11.55ന് യശ്വന്ത്പുരയിൽനിന്നു പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.25ന് കോഴിക്കോട്ടും 3.10ന് കണ്ണൂരിലും എത്തും. വൈകിട്ട് 5.40ന് മംഗളൂരുവിൽ അവസാനിക്കും. മടക്കയാത്രയിൽ 16566 മംഗളൂരു സെൻട്രൽ–യശ്വന്ത്പുര ജംക്‌ഷൻ ട്രെയിൻ തിങ്കളാഴ്ചകളിൽ രാത്രി 8.05ന് മംഗളൂരുവിൽനിന്നു പുറപ്പെട്ട് രാത്രി 11.30ന് ആണ് കോഴിക്കോട്ട് എത്തുന്നത്.


ഷൊർണൂരിൽ രാത്രി 1.10നും പാലക്കാട്ട് 2.17നും എത്തുന്ന ഈ ട്രെയിൻ പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിനാണ് യശ്വന്ത്പുരയിലെത്തുന്നത്.  പ്രയോജനപ്പെടാത്ത സമയങ്ങളിൽ ‍എത്തുന്നതിനാൽ കോഴിക്കോട്ടെ യാത്രക്കാർക്ക് ഗുണം ചെയ്യുന്നില്ലെന്നതാണ് യാഥാർഥ്യം. മംഗളൂരുവിൽനിന്നുള്ള യാത്രക്കാർ 2 മണിക്കൂറോളം അധികം ചെലവലഴിച്ചു വേണം പാലക്കാട് വഴി ഈ ട്രെയിനിൽ ബെംഗളൂരുവിൽ എത്താൻ. കോഴിക്കോട്–ബെംഗളൂരു യാത്രക്കാർക്ക് ആശ്രയിക്കുന്നത് 16527-16528 കണ്ണൂർ–യശ്വന്ത്പുര–കണ്ണൂർ ട്രെയിൻ മാത്രമാണുള്ളത്. ഈ ട്രെയിനിൽ മാസങ്ങൾക്കു മുൻപേ റിസർവ് ചെയ്താൽ മാത്രമേ ടിക്കറ്റ് ലഭ്യമാകൂ.
kozhikode decided but train did not come
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post