കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: പുനർനിർമാണം സെപ്‌റ്റംബർ ആദ്യവാരം തുടങ്ങും



കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായുള്ള പുനർനിർമാണപ്രവർത്തനങ്ങൾ സെപ്‌റ്റംബർ ആദ്യവാരം തുടങ്ങുമെന്നും മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ സ്ഥിതിഗതികൾ വിലയിരുത്താനും ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും തിങ്കളാഴ്ച സ്റ്റേഷനിലെത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2026 ഡിസംബറിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഓരോ ഘട്ടവും സമയബന്ധിതമായിത്തന്നെ യാഥാർഥ്യമാക്കും. ഇത് പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയാണ്. സാമ്പത്തികപ്രശ്നം നിർമാണത്തിന്റെ ഒരുഘട്ടത്തിലുമുണ്ടാവില്ല. ഇപ്പോഴത്തെ കെട്ടിടത്തിന്റെ 10 ശതമാനം മാത്രം നിലനിർത്തി ബാക്കി പൊളിച്ചുനീക്കുന്ന നടപടിയാണ് ആദ്യഘട്ടം. നാലേക്കർ 20 സെന്റ് സ്ഥലത്താണ് പുതിയനിർമാണം. വിമാനത്താവളങ്ങളിലേതിനു സമാനമായ സൗകര്യങ്ങൾ പുതിയ സ്റ്റേഷനിലുണ്ടാവും.

19 ലിഫ്റ്റുകൾ, 24 എസ്കലേറ്ററുകൾ, 12 മീറ്റർ വീതിയുള്ള ഫുട്ട് ഓവർബ്രിഡ്ജ്, രണ്ട് പ്രവേശനകവാടങ്ങൾ, വിപുലമായ പാർക്കിങ് സൗകര്യം എന്നിവ പുതിയ സ്റ്റേഷന്റെ പ്രത്യേകതയാണ്. ഒരേസമയം 424 കാറുകൾക്കും 1234 ഇരുചക്രവാഹനങ്ങൾക്കും പാർക്കുചെയ്യാവുന്ന അഞ്ചുനിലകളുള്ള പാർക്കിങ് സംവിധാനമാണ് കിഴക്കുഭാഗത്ത് ഒരുങ്ങുക. പടിഞ്ഞാറുഭാഗത്ത് ആറുനിലകളുള്ള പാർക്കിങ് സമുച്ചയമുണ്ടാവും. 48 മീറ്റർ വീതിയുള്ള പാതയാണ് സ്റ്റേഷൻവളപ്പിലെ മറ്റൊരു പ്രത്യേകത. റിസർവ് ചെയ്യാത്ത യാത്രക്കാർക്കായി 20,968 ചതുരശ്രയടി വിസ്തൃതിയുള്ള കാത്തിരിപ്പുകേന്ദ്രമുണ്ടാവും. റിസർവുചെയ്ത യാത്രക്കാർക്കായി 16,985 ചതുരശ്രയടി വിസ്താരമുള്ള കാത്തിരിപ്പുകേന്ദ്രവുമൊരുങ്ങും. ഇതിനൊപ്പം സ്റ്റേഷന്റെ വടക്കുഭാഗത്തെ ഇടുങ്ങിയ ഓവർബ്രിഡ്ജ് പുനർനിർമിക്കാൻ കോഴിക്കോട് കോർപ്പറേഷൻ തയ്യാറാവണം.


മലബാറിന് പ്രയോജനകരമായവിധം പുതിയൊരു ട്രെയിൻ അനുവദിക്കണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡിനുശേഷം മുതിർന്നപൗരരുടെയും മാധ്യമപ്രവർത്തകരുടെയും യാത്രാനിരക്കിളവ് പുനഃസ്ഥാപിച്ചിട്ടില്ലെന്ന്‌ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ട്രെയിൻയാത്രക്കാരുടെ സംഘടനകളുടെയും പൊതുജനങ്ങളുടെയും പരാതികൾ അദ്ദേഹം സ്വീകരിച്ചു. സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ. അരുൺ തോമസ്, സ്റ്റേഷൻ ഡയറക്ടർ അബ്ദുൾ അസീസ്, സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് തുടങ്ങിയവരും ചെയർമാനോടൊപ്പമുണ്ടായിരുന്നു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post