
ഉള്ളിയേരി:പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാർഡൻ ശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗർഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നിൽ 2.6 ഏക്കർ സ്ഥലത്താണ് പ്രശാന്തി ഗാർഡൻ നിർമ്മിച്ചത്. മറ്റ് ശ്മശാനങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാർഡൻ മോഡൽ ശ്മശാനം ഒരുങ്ങിയത്.
മുൻ എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 4.25 കോടി രൂപയും കെ എം സച്ചിൻ ദേവ് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
സ്മൃതിവനങ്ങൾ, പൊതുദർശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങൾ, കാരക്കാട്ട്ക്കുന്ന് മലയിൽ നിന്നുള്ള പ്രകൃതി മനോഹര കാഴ്ചകൾ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. കാരക്കാട്ട്കുന്ന് മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിർത്തിയാണ് നിർമ്മാണം നടത്തിയത്. മല തുരന്ന് ഉണ്ടാക്കിയ പ്രകൃതി സൗഹൃദ മാതൃകാ ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്.
ഉദ്യാനം, ഇടവഴികൾ, വായനമുറികൾ, വിശ്രമ ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിർമ്മിച്ചത്. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും ശ്മശാനം ഉപയോഗിക്കാൻ കഴിയും.
ഉള്ളിയേരി സംസ്ഥാനപാതയിൽ പാലോറയിൽനിന്ന് ഏകദേശം 700 മീറ്റർ സഞ്ചരിച്ചാൽ ഈ ശ്മശാനത്തിൽ എത്തിച്ചേരാം. ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. മൊബൈൽ മോർച്ചറി, ആംബുലൻസ്, മരണാനന്തര ചടങ്ങുകൾ നടത്താനുള്ള വിവിധ സൗകര്യങ്ങൾ എന്നിവയുമുണ്ട്. കുളിക്കുന്നതിനും കർമങ്ങൾ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.
ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ആണ് ഇവിടെ സംസ്കാര ചടങ്ങുകൾ. ഒന്നുമുതൽ ഒന്നര മണിക്കൂറിനകം സംസ്കാരം പൂർത്തിയാകും. ട്രോളിയിലൂടെ ചൂളയിൽ വയ്ക്കുന്ന മൃതദേഹം സംസ്കരിക്കുമ്പോൾ ഉണ്ടാകുന്ന പുക ശുദ്ധീകരിച്ചാണ് മലയ്ക്കു മുകളിലെ 30 മീറ്റർ ഉയരമുള്ള കുഴലിലൂടെ പുറത്തു വിടുക. അതിനാൽ തന്നെ ദുർഗന്ധം ഉണ്ടാവുകയുമില്ല. 15 മുതൽ 18 കിലോഗ്രാം പാചകവാതകമാണ് ഒരു മൃതദേഹം സംസ്കരിക്കാൻ ആവശ്യം വരിക.
ശ്മശാനത്തിന്റെ ഉദ്ഘാടനം ജൂലൈ 25ന് 12 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ. എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിക്കും. ആർക്കിടെക്ട് വിനോദ് സിറിയക്കാണ് ശ്മശാനത്തിന്റെ രൂപകല്പന ചെയ്തത്. യു എൽ സി സി എസാണ് നിർമാണച്ചുമതല നിർവഹിച്ചത്.
First underground cremation in South Indiac in Ulliyeri

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.