ബാലുശ്ശേരി :കേരളത്തിന് എയിംസ് അനുവദിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ ബാലുശ്ശേരി കിനാലൂർ എസ്റ്റേറ്റിൽ നടത്തുന്ന സ്ഥലമേറ്റെടുക്കൽ നടപടി എതിർപ്പില്ലാതെ ആദ്യകടമ്പ കടന്നു.
ജൂൺ 20-ന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ടവിജ്ഞാപനമിറങ്ങി, ആക്ഷേപമുന്നയിക്കാനുള്ള 15 ദിവസത്തെ സമയം പിന്നിടുമ്പോൾ സ്ഥലമുടമകളാരും എതിർപ്പുന്നയിച്ച് പരാതി നൽകിയിട്ടില്ലെന്ന് ചുമതലയുള്ള കൊയിലാണ്ടി എൽ.എ. തഹസിർദാർ വ്യക്തമാക്കി. വിജ്ഞാപനത്തിലുള്ള സ്ഥലമുടമയുടെ പേര്, വീട്ടുപേര് എന്നിവയിലുള്ള ചില സാങ്കേതികപിശകുകൾമാത്രമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ഇതോടെ കിനാലൂർ എസ്റ്റേറ്റിൽ എയിംസിനുവേണ്ടിയുള്ള സ്ഥലമേറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കെ.എസ്.ഐ.ഡി.സി.യുടെ കൈവശമുള്ള ഭൂമിക്കുപുറമേ താമരശ്ശേരി താലൂക്കിലെ കിനാലൂർ, കാന്തലാട് വില്ലേജുകളിൽപ്പെട്ട 193 കുടുംബങ്ങളുടെയും ഒരു ക്ഷേത്രത്തിന്റെയും ഒരു മസ്ജിദിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ചേർത്ത് 40.6802 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് കെട്ടിടം, മരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള വിലനിർണയം മൂന്നുമാസംകൊണ്ട് പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. തുടർന്ന് 2013-ലെ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമുള്ള അവകാശനിയമപ്രകാരമുള്ള അന്തിമവിജ്ഞാപനം പുറത്തിറക്കും.
വരുമെന്ന പ്രതീക്ഷയിൽ
കിനാലൂരിൽ 40 ഹെക്ടറിലേറെ ഭൂമി സർക്കാർ എയിംസിനുവേണ്ടി ഏറ്റെടുക്കുമ്പോഴും എയിംസ് കിനാലൂരിൽ അനുവദിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. കേരളത്തിന് എയിംസ് അനുവദിച്ചാലും കേരളത്തിൽ എവിടെ എന്നതും എയിംസ് അതോറിറ്റിതന്നെയാണ് തീരുമാനിക്കുക.
കേന്ദ്രസർക്കാരിന്റെയും ബി.ജെ.പി.യുടെയും താത്പര്യത്തിനനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനം വരുക. നിലവിൽ കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ബി.ജെ.പി. താത്പര്യമെടുക്കുന്നത് എന്നാണ് വിവരം. കാസർകോട് എയിംസ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവേദിയിൽ ബി.ജെ.പി. നേതാക്കൾ സന്ദർശിച്ചതും അടുത്തിടെയാണ്. എയിംസിനുവേണ്ടി സംസ്ഥാനസർക്കാർ ചെയ്യേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കിനാലൂരിൽത്തന്നെ എയിംസ് എത്തിക്കാനുള്ള ശ്രമമാണ് സംസ്ഥാനസർക്കാർ നടത്തുന്നത്.
Land acquisition for AIIMS: First hurdle crossed; without objection
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
AIIMS