കോടഞ്ചേരി:മലയോര മേഖലയുടെ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിന് ആരംഭം കുറിക്കാൻ ഇനി ദിവസങ്ങൾ മാത്രം. കുതിച്ചൊഴുകുന്ന ഇരുവഞ്ഞിക്കും ചാലിപ്പുഴയ്ക്കും മേലേ അതിസാഹസികതയുടെ കയ്യൊപ്പു ചാർത്തുന്ന അഭ്യാസപ്രകടനങ്ങൾ കാണാൻ കോടഞ്ചേരിയിലേക്ക് സഞ്ചാരികളെത്തും. മലബാർ റിവർ ഫെസ്റ്റിവലിനെ വരവേൽക്കാൻ മലയോരം ഒരുങ്ങി. ജൂലൈ 29 മുതൽ വിവിധ പരിപാടികളാണ് പുഴയുത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ഭാഗമായി ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ ജൂലൈ 29ന് മഡ് ഫുട്ബോൾ ടൂർണ്ണമെന്റും, കോടഞ്ചേരിയിൽ നിന്നും പുല്ലൂരാംപാറയിലേക്ക് ക്രോസ് കൺട്രി മത്സരവും നടക്കും. ജൂലൈ 30ന് കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽ നിന്നും അരീക്കോട്നിന്നും പുലിക്കയത്തേക്ക് സൈക്ലിങ് ടൂറും, കോടഞ്ചേരിയിൽ ട്രിലത്തോൺ മത്സരവും സംഘടിപ്പിക്കും. തുഷാരഗിരിയിൽ നിന്ന് കക്കാടംപൊയിലിലേക്ക് മഴനടത്തവും ഉണ്ടാകും.
ജൂലൈ 31 മുതൽ ആഗസ്റ്റ് 6 വരെ ചിത്രകാരൻ കെ ആർ ബാബുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടി തമ്പലമണ്ണയിൽ ചിത്രപ്രദർശനവും നടക്കും. ആഗസ്റ്റ് രണ്ടിനും മൂന്നിനും പൂവാറംതോട് നിന്നും കക്കാടംപൊയിലിലേക്ക് ഓഫ് റോഡ് എക്സ്പഡീഷനും നടക്കും. ആഗസ്റ്റ് മൂന്നിന് പൂവാറംതോട് പട്ടം പറത്തൽ മത്സരവും ഉണ്ടാവും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ എന്നിവയുമായി ചേർന്ന് ടൂറിസം സാധ്യതകളുടെ വികസനം ലക്ഷ്യമിട്ടാണ് കയാക്കിങ്ങ് മത്സരങ്ങൾ നടത്തുന്നത്.
Malabar River Festival
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.