കോഴിക്കോട്:കല്ലായിപ്പുഴയിലെ ചെളിയും മണ്ണും നീക്കുന്നതിനുള്ള കരാർ എടുക്കാൻ ഇത്തവണയും ആളില്ല, പ്രശ്നത്തിനു പരിഹാരം കാണാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് രംഗത്ത്. 7.90 കോടി രൂപയുടെ പ്രവൃത്തിക്കു ടെൻഡർ ചെയ്തെങ്കിലും ആരും പങ്കെടുത്തില്ല. ഇനി റീ ടെൻഡർ ചെയ്യേണ്ടി വരും. ഇതു മൂന്നാം തവണയാണ് ഈ പ്രവൃത്തിക്കു ടെൻഡർ വിളിക്കുന്നത്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുഴ നവീകരിക്കണം എന്നാവശ്യപ്പെട്ടു നിവേദനം നൽകി. തുടർന്ന് അന്നത്തെ ജലസേചന മന്ത്രി എൻ.കെ.പ്രേമചന്ദ്രൻ പുഴ സന്ദർശിച്ചു. ഉടൻ നവീകരണ പദ്ധതി തയാറാക്കാൻ ജലസേചന വകുപ്പിനു നിർദേശവും നൽകി.
അന്നു 35 കോടി രൂപയുടെ പദ്ധതി തയാറാക്കി. അതിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ മൂന്നര കോടി രൂപ അനുവദിച്ചു മണ്ണെടുക്കാൻ ടെൻഡർ വിളിച്ചു. അന്നു കരാർ എറ്റെടുക്കാൻ ആരും തയാറാകാത്തതിനാൽ പ്രവൃത്തി നടന്നില്ല. പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയപ്പോൾ തുക 4.90 കോടിയായി വർധിപ്പിച്ചു ടെൻഡർ വിളിച്ചു. അന്ന് ഒരു കരാറുകാരൻ പ്രവൃത്തി ഏറ്റെടുക്കാൻ തയാറായി. പ്രവൃത്തി ഉദ്ഘാടനവും നടത്തി. എന്നാൽ പിന്നീട് കരാറുകാരൻ പിന്മാറി. വീണ്ടും ടെൻഡർ വിളിച്ചപ്പോൾ 34% അധികത്തിനു പ്രവൃത്തി ഏറ്റെടുക്കാൻ ഒരു കരാറുകാരൻ തയാറായി. അതിനു സർക്കാർ അനുമതി ലഭിക്കാതെ അതും മുടങ്ങി. പിന്നീട് കോർപറേഷൻ പുഴ നവീകരണത്തിനു പണം നൽകാൻ തയാറായി. അങ്ങനെ മണ്ണും ചെളിയും മാറ്റാൻ 7.90 കോടി രൂപ കോർപറേഷൻ ജലസേചന വകുപ്പിനു നൽകി. അതു പ്രകാരം വിളിച്ച ടെൻഡറിൽ പങ്കെടുക്കാൻ ആളില്ലാത്ത അവസ്ഥയാണിപ്പോൾ.
മുൻകാലത്തു വലിയ വെള്ളപ്പൊക്കം ഉണ്ടായ സമയത്തു പോലും കല്ലായിപ്പുഴ അഴിമുഖത്തു വെള്ളം കുത്തിയൊലിച്ചു കടലിനോടു ചേർന്നിരുന്നു. അതു കാരണം വെള്ളപ്പൊക്ക സമയത്തും മണിക്കൂറുകൾ കൊണ്ടു ജലനിരപ്പു താഴുമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ദിവസങ്ങൾ എടുത്താലും വെള്ളം ഒഴുകി തീരില്ല. മാത്രമല്ല കല്ലായി പാലം മുതൽ കോതി പാലം വരെ മണ്ണും ചെളിയും ഉടൻ എടുത്തു മാറ്റിയില്ലെങ്കിൽ അവിടങ്ങളിൽ പുഴ തന്നെ ഇല്ലാതാകും. ചതുപ്പായി മാറുന്നതോടെ കണ്ടൽ വളരും. പിന്നീട് കണ്ടൽ കാട് വെട്ടിമാറ്റാൻ കഴിയാത്ത അവസ്ഥ വരും. അതോടെ കല്ലായി പുഴയുടെ ഒഴുക്ക് എന്നെന്നേക്കുമായി ഇല്ലാതാകും.
കല്ലായിപ്പുഴ നവീകരണത്തിന് അടിയന്തര പ്രാധാന്യം നൽകി നടപടികൾ സ്വീകരിക്കും. എത്രയും പെട്ടെന്നു റീ ടെൻഡർ ചെയ്യും. പ്രവൃത്തി നടത്തുന്ന കാര്യം ഗൗരവമായി തന്നെയാണു കാണുന്നത്. ജില്ലയുടെ പ്രധാന പദ്ധതി എന്ന നിലയിൽ കല്ലായിപ്പുഴ നവീകരണകാര്യത്തിൽ ഇടപെടും. ഇതിനകം ജലസേചന മന്ത്രി റോഷി അഗസ്റ്റിനുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്
പുഴ നവീകരണം കോർപറേഷൻ പരിധിയിൽ വരുന്ന കാര്യമല്ലെങ്കിലും കോഴിക്കോട് നഗരത്തിന്റെ കൂടി പ്രശ്നം എന്ന നിലയിലാണു കോർപറേഷൻ 7.90 കോടി രൂപ ജലസേചന വകുപ്പിനു നൽകിയത്. പുഴ സംരക്ഷിക്കേണ്ടതു നമ്മുടെ കടമ കൂടിയാണ്. പ്രവൃത്തി റീ ടെൻഡർ ചെയ്ത് ഉടൻ നടപ്പാക്കാൻ സർക്കാർ വേണ്ടതു ചെയ്യും. അതിനായി കോർപറേഷന്റെ ഭാഗത്തു നിന്നുള്ള എല്ലാ സഹായങ്ങളും ഉണ്ടാകും.
ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്
No one participated in the tender of 7.90 crores, will there be tears?
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.