ലൈസൻസില്ല, 'ഓപ്പറേഷൻ ഫോസ്കോസ്' കുടുക്കി: കോഴിക്കോട് 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ്



കോഴിക്കോട്:  ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി  നടന്ന റെയ്ഡിൽ കോഴിക്കോട് ജില്ലയിൽ 73 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. ലൈസൻസിന് അപേക്ഷ നൽകിയ ശേഷം ഫൈൻ അടച്ചാൽ മാത്രമെ ഈ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകുവെന്ന് കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസി. കമ്മിഷണർ സക്കീർ ഹുസൈൻ പറഞ്ഞു. 

ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ13 സ്ക്വാഡുകളാണ് 573 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.  ഇന്നും പരിശോധന നടക്കും.   മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ്  എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വില്പന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ , ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ താല്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. 

കൂടുതൽ  ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശനമാക്കിയിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നത്  ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം, 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസൻസിനു പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും. 

ഭക്ഷണം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തു മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂവന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചിരുന്നു. നിയമപ്രകാരമുള്ള ബാധ്യത ആയിരുന്നിട്ടുകൂടി ലൈസന്‍സ് എടുക്കാന്‍ വിമുഖത കാണിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വേഗതയില്‍ തീരുമാനമെടുക്കാന്‍ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

73 shops and commercial establishments closed in kozhikode raids conducted by food safety department

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post