കോഴിക്കോട് : സൈബർ ഇടങ്ങളിലെ ചതിക്കുഴികളിൽ ജാഗ്രതക്കുറവുകൊണ്ട് വിദ്യാസമ്പന്നരും അനുദിനം കുടുങ്ങുന്നു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് മൊത്തം രണ്ടരക്കോടിയുടെ സൈബർ തട്ടിപ്പ് കേസുകൾ. ഒരുദിവസം പത്തും പന്ത്രണ്ടും എന്നകണക്കിൽ സൈബർകേസുകൾ കൂടിവരുകയാണ്. കഴിഞ്ഞമാസംമാത്രം ജില്ലയിൽനിന്ന് 92 ലക്ഷംരൂപയുടെ സൈബർതട്ടിപ്പ് കേസുകളാണ് രജിസ്റ്റർചെയ്തത്.
റസ്റ്റ് ഡെസ്‌ക്ക്, എനിഡെസ്‌ക്ക്, ക്വിക്ക് ഡെസ്‌ക്ക് എന്നിങ്ങനെ നല്ല ഉദ്ദേശ്യത്തിനായി രൂപംകൊണ്ട ആപ്പുകളാണ് തട്ടിപ്പുകാർ ദുരുപയോഗംചെയ്യുന്നതെന്ന് സൈബർ പോലീസ് പറഞ്ഞു. ഇത്തരം ആപ്പുകളുടെ സ്‌ക്രീൻഷെയർ ഉപയോഗിച്ചാണ് ആളുകളെ കബളിപ്പിക്കുന്നത്. ഓൺലൈനിലൂടെ ജോലി വാഗ്‌ദാനംചെയ്തും വാഹനങ്ങളും മറ്റും വാങ്ങാനുണ്ടെന്ന വ്യാജേനയും ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
Read also: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പുതുപ്പാടിയിൽ മധ്യവയസ്കന് അറസ്റ്റില്‍
വീട് വാടകയ്ക്കുനൽകാൻ ഓൺലൈൻ പ്ലാറ്റ്ഫോമിനെ ആശ്രയിച്ച കോട്ടൂളിയിലെ ഒരു ഡോക്ടർക്ക് ലക്ഷങ്ങൾ നഷ്ടമായി. സൈബർതട്ടിപ്പിലൂടെ ഹണിട്രാപ്പിൽ കുടുക്കുന്ന കേസുകളും കൂടുകയാണ്. മാഹിക്കടുത്ത് അഴിയൂരിലെ ഒരു യുവാവിൽനിന്ന് 40,000 രൂപ തട്ടിയെടുത്തത് ഇൻഫെർട്ടിലിറ്റി ക്ലിനിക്കിൽ ബീജദാതാവായാൽ അഞ്ചുലക്ഷം തരാമെന്നുപറഞ്ഞാണ്. കുട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പുകളുമുണ്ട്. ക്രിപ്‌റ്റോ കറൻസിയിലുള്ള സാമ്പത്തികത്തട്ടിപ്പുകൾ സൈബർസെല്ലിന് തലവേദന സൃഷ്ടിക്കുന്നു.
ഏതെങ്കിലുംതരത്തിലുള്ള സൈബർ തട്ടിപ്പിന് ഇരയാവുന്നവർ 1930-ൽ വിളിച്ച് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ (എൻ.സി.ആർ.പി.) പരാതി രജിസ്റ്റർചെയ്യണമെന്ന് സൈബർ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാജില്ലകളിലും സൈബർസെൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്രീകൃതസംവിധാനത്തിൽ ഉടനെ പരാതിപ്പെടുന്നതുവഴി തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനും പണം തിരിച്ചെടുക്കാനുമുള്ള സാധ്യതകൂടും.
നിർമിതബുദ്ധി ഉപയോഗിച്ച് സുഹൃത്തിന്റെ രൂപവും ശബ്ദവുമായി വീഡിയോകോളിൽവന്ന് കോഴിക്കോട്ടുകാരന്റെ 40,000 രൂപ തട്ടാൻശ്രമിച്ച കേസിൽ ഗുജറാത്തുകാരനായ പ്രതിയെ തിരിച്ചറിയാൻ സൈബർപോലീസിന് കഴിഞ്ഞു. പണം തിരിച്ചെടുക്കാനും എളുപ്പം സാധിച്ചു. ഏറ്റവുമൊടുവിൽ കോഴിക്കോട്ടുകാരനായ സീനിയർ മെക്കാനിക്കൽ എൻജിനിയറുടെ നാലുലക്ഷത്തോളം രൂപയാണ് ട്രെയിൻ ടിക്കറ്റ് റീഫണ്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ നഷ്ടപ്പെട്ടത്. വിവരസാങ്കേതിക അറിവിൽ പിന്നാക്കംനിൽക്കുന്നവർ മാത്രമല്ല വിദ്യാസമ്പന്നർവരെ ഇത്തരം തട്ടിപ്പുകൾക്ക് എളുപ്പം ഇരയാകുന്ന സ്ഥിതിയാണെന്ന് സൈബർ പോലീസ് ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരേ ബോധവത്കരണ പരിപാടികളുമായി സൈബർസെൽ രംഗത്തുണ്ട്. ഐ.ഐ.എമ്മിലും പ്രോവിഡൻസ് കോളേജിലും ബോധവത്കരണ പരിപാടികൾ അടുത്തിടെ നടത്തിയിരുന്നു. സംഘടനകളും സ്ഥാപനങ്ങളും ആവശ്യപ്പെടുകയാണെങ്കിൽ ബോധവത്കരണക്ലാസുകൾ നടത്താൻ തയ്യാറാണെന്ന് സൈബർവിങ് വ്യക്തമാക്കി.
CYBER CRIME KOZHIKODE
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Crime