കൊയിലാണ്ടി∙ മൂടാടി കെൽട്രോൺ യൂണിറ്റ് സ്ഥാപിതമായിട്ട് 42 വർഷം പിന്നിടുമ്പോഴും സ്ഥാപനത്തിന്റെ വളർച്ച മുരടിച്ച സ്ഥിതിയിൽ. കെൽട്രോണിലെ ശ്രവണ സഹായി യൂണിറ്റാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. യൂണിറ്റിന്റെ പ്രവർത്തനം വിപുലമാക്കാനുള്ള ശ്രമങ്ങളില്ല. പൂർണമായും മൂടാടി കെൽട്രോൺ ലൈറ്റിങ് ഡിവിഷനിൽ നിർമിക്കുന്നതാണ് ശ്രവൺ എന്നറിയപ്പെടുന്ന ശ്രവണ സഹായി. സി-ഡാക്ക് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ ഹിയറിങ് എയ്ഡിന്റെ നിർമാണം. സാമൂഹികക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവശിക്ഷാ അഭിയാൻ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയും പൊതുജനങ്ങളുമാണ് കെൽട്രോൺ ശ്രവണ സഹായികളുടെ പ്രധാന ഉപഭോക്താക്കൾ.
2016ലാണ് മൂടാടി കെൽട്രോൺ യൂണിറ്റിൽ ശ്രവണ സഹായിയുടെ നിർമാണമാരംഭിച്ചത്. മുൻ വർഷങ്ങളിൽ 5000 ശ്രവണ സഹായികൾ മാത്രമാണ് ഇവിടെ ഉൽപാദിപ്പിച്ചതെങ്കിൽ 2022-23 സാമ്പത്തിക വർഷം 8500 ശ്രവണ സഹായികൾ ഉൽപാദിപ്പിച്ചു. ഇത് കൂടുതൽ വിപുലമാക്കാവുന്ന സാഹചര്യം ഇവിടെയുണ്ട്. എന്നാൽ അതിനായി നടപടികളുണ്ടായിട്ടില്ല.
ശ്രവണ സഹായിയുടെ പ്രധാന ഭാഗം വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. മുൻകൂട്ടി പണം നൽകി ഓർഡർ ചെയ്താൽ രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ശ്രവണ സഹായി നിർമിച്ച് വിതരണം ചെയ്യുക. പൊതുജനങ്ങൾക്ക് ശ്രവണ സഹായി നേരിട്ട് വാങ്ങാൻ കഴിയുന്നത് ഈ യൂണിറ്റിന് പുറമേ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫിസിൽ മാത്രമാണ്. ഹിയറിങ് എയ്ഡിന്റെ പുതിയ മോഡലുകളോ അപ്ഡേഷനോ വരുത്തുന്നതിന് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
ശ്രവണ സഹായിയുടെ വില 8500 രൂപയാണ്. സ്വകാര്യ കമ്പനികളുടെ ശ്രവണ സഹായികൾക്ക് ഇരുപതിനായിരം രൂപയോളം വിലയുണ്ട്. നവജാത ശിശുക്കളുടെ പരിചരണത്തിനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ബേബി വാമർ പുറത്തിറക്കാൻ മൂടാടി കെൽട്രോൺ യൂണിറ്റ് നടപടികളെടുക്കുന്നുണ്ട്.
കെ.ബി.പ്രേമാനന്ദ് സൗജന്യമായി നൽകിയ 13 ഏക്കർ സ്ഥലത്താണ് 1981ൽ മൂടാടി യൂണിറ്റ് സ്ഥാപിതമായത്. അന്നത്തെ മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ടി.ശങ്കരൻ വൈദ്യരാണ് ഈ സ്ഥാപനം കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത്. ആരംഭകാലത്ത് കെൽട്രോൺ ടെലിവിഷൻ യൂണിറ്റ് എന്നായിരുന്നു പേര്. പിന്നീട് കെൽട്രോൺ ട്രാൻസ്മിഷൻ എക്യുപ്‌മെന്റ് യൂണിറ്റ് എന്നായി. ഇപ്പോൾ കെൽട്രോൺ ലൈറ്റിങ് ഡിവിഷൻ എന്ന പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്.
KELTRON Lighting Division
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.