പാലാഴി മേൽപാലത്തിന് നീളം കൂട്ടും



കോഴിക്കോട്∙ ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി പാലാഴിയിൽ ഹൈലൈറ്റ് മാളിനു സമീപം നിർമിക്കുന്ന മേൽപാലത്തിന്റെ നീളം കൂട്ടാൻ തീരുമാനമായതായി എം.കെ.രാഘവൻ എംപി പറഞ്ഞു. എംപി ആവശ്യപ്പെട്ടതു പ്രകാരം ദേശീയപാതാ വിഭാഗം പിപിപി അംഗം കെ.വെങ്കിട്ടരമണ കോഴിക്കോട്ട് സന്ദർശനം നടത്തിയിരുന്നു.

വെങ്കിട്ടരമണയുമായി എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് തെക്കുഭാഗത്തേക്ക് അഞ്ചു തൂണുകൾ കൂടി അധികമായി നിർമിച്ച് മേൽപാലത്തിന്റെ നീളം കൂട്ടാൻ തീരുമാനമായത്. ഈ ഭാഗത്ത് സർവീസ് റോഡിന് വീതി കുറവാണ്. മേൽപാലത്തിന്റെ നീളം വർധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ ഈ ഭാഗത്ത് ഗതാഗത തടസ്സം രൂക്ഷമാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ എംപി ബോധ്യപ്പെടുത്തിയിരുന്നു.
ഇതിനു പുറമേ മേത്തോട്ട് താഴത്ത് അടിപ്പാത നിർമിക്കാനും പന്തീരാങ്കാവ് ഭാഗത്ത് ഡ്രെയിനേജ് സംവിധാനം നീളത്തിൽ നിർമിക്കാനും തീരുമാനമായതായും എം.കെ.രാഘവൻ പറഞ്ഞു. നിലവിൽ പന്തീരാങ്കാവിൽ 2.4 കിലോമീറ്റർ ഓവുചാലിനു മാത്രമാണ്‌ നാഷനൽ ഹൈവേ അതോറിറ്റി അനുമതി നൽകിയിട്ടുള്ളത്‌. എന്നാൽ 13.42 കിലോമീറ്റർ എങ്കിലും സംവിധാനമൊരുക്കിയില്ലെങ്കിൽ മഴക്കാലത്ത്‌ പ്രദേശവാസികൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാവുമെന്ന് പരാതി ഉയർന്നിരുന്നു.

തുടർന്നാണ് ഈ പ്രശ്നത്തിലും തീരുമാനമുണ്ടായതെന്നും എംപി പറഞ്ഞു. മൊകവൂർ കുനിമ്മൽ താഴം, പാറമ്മൽ എന്നിവിടങ്ങളിലും അടിപ്പാത നിർമാണം വിശദമായ പരിശോധനയ്ക്കു ശേഷം പരിഗണിക്കാമെന്ന് വെങ്കടരമണ അറിയിച്ചിട്ടുണ്ട്. എൻഎച്ച്എഐ കേരള റീജനൽ ഓഫിസർ ബി.എൽ മീണ, കോഴിക്കോട് പ്രോജക്റ്റ് ഡയറക്ടർ അശുതോഷ് സിൻഹ എന്നിവരും എംപിക്ക് ഒപ്പമുണ്ടായിരുന്നു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post