പേരാമ്പ്ര : പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിൽ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്ന ബോട്ട് സർവീസ് ഓണക്കാലത്തും പുനരാരംഭിക്കാനായില്ല. പെർമിറ്റ് പുതുക്കാത്തതിനെ തുടർന്നാണ് ബോട്ട് സർവീസ് നാലുമാസത്തോളമായി നിർത്തിവെച്ചത്. ഈ വർഷം മേയ് ആദ്യവാരം പെർമിറ്റ് അവസാനിച്ചതിനെത്തുടർന്ന് റിസർവോയറിൽ ബോട്ടുകൾ കെട്ടിയിട്ടിരിക്കുകയാണ്.
കുറ്റ്യാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഡാം റിസർവോയറിലാണ് ഒരുവർഷത്തോളം ബോട്ട് സർവീസ് നടത്തിയിരുന്നത്. ടൂറിസം, ജലസേചനവകുപ്പ് മന്ത്രിമാരും ബോട്ട് സർവീസ് ആരംഭിക്കുന്നതിന് എല്ലാ പിന്തുണയും നൽകിയിരുന്നു.
സർവീസിനുള്ളത് രണ്ട് സോളാർ ബോട്ടുകൾ
Read also: പ
ചക്കിട്ടപാറ സർവീസ് സഹകരണബാങ്കാണ് ജലസേചനവിഭാഗത്തിന്റെ അനുമതിയോടെ ബോട്ട് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരി 27-ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഉദ്ഘാടനം നിർവഹിച്ചത്. 60 ലക്ഷം രൂപ ചെലവഴിച്ച് 20 സീറ്റും പത്തുസീറ്റും ഉള്ള രണ്ട് സോളാർബോട്ടുകളാണ് ബാങ്ക് വാങ്ങിയത്. ഒരാൾക്ക് 130 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ടിക്കറ്റ് തുകയുടെ 25 ശതമാനം ജലസേചനവകുപ്പിന് നൽകണമെന്നതായിരുന്നു വ്യവസ്ഥ. ഇതിനുപുറമെ നിശ്ചിത തുക നിക്ഷേപമായി ജലസേചനവകുപ്പിന് മുൻകൂറായി കെട്ടിവെക്കുകയും വേണം. മലിനീകരണപ്രശ്നമില്ലാതെ ഓടിക്കാമെന്നതായിരുന്നു സോളാർബോട്ടുകളുടെ പ്രധാന മേൻമ.
പെരുവണ്ണാമൂഴി ടൂറിസംകേന്ദ്രത്തിൽ 3.13 കോടി ചെലവിൽ ടൂറിസം വികസനം സാധ്യമാക്കിയതിനോട് അനുബന്ധിച്ചാണ് ബോട്ട് സർവീസും തുടങ്ങിയത്. റിസർവോയറിൽത്തന്നെ തോണിക്കടവ് ടൂറിസം കേന്ദ്രത്തിലും സർവീസ് ആരംഭിക്കുന്നത് പരിഗണനയിലാണ്. ബോട്ട് സർവീസ് തുടങ്ങിയതിന് ശേഷം പെരുവണ്ണാമൂഴിയിൽ സഞ്ചാരികളുടെ എണ്ണവും വർധിച്ചിരുന്നു. സഞ്ചാരികളും കുറഞ്ഞു സപ്പോർട്ട് ഡാം നിർമാണം നടക്കുന്നതിനാൽ അണക്കെട്ടിന്റെ മുകൾഭാഗത്തേക്ക് സഞ്ചാരികൾക്ക് ഇപ്പോൾ പ്രവേശനമില്ല. അതിനാൽ ഫീസ് നൽകിയാൽ പൂന്തോട്ടവും പാർക്കും കണ്ട് മടങ്ങേണ്ട അവസ്ഥയിലാണ് സഞ്ചാരികൾ. ഇക്കാരണത്താൽ സഞ്ചാരികളുടെ വരവും കുറഞ്ഞു. ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം. ബോട്ടിങ് നടത്താനുള്ള അപേക്ഷയിൽ അനുമതിനൽകാനുള്ള നടപടി ജലസേചനവകുപ്പ് കണ്ണൂർ ഡിവിഷൻ ഓഫീസ് അധികൃതർ സ്വീകരിച്ചുവരുകയാണെന്നും ഉടൻതന്നെ ബോട്ടിങ് പുനരാരംഭിക്കാൻകഴിയുമെന്നും കുറ്റ്യാടി ജലസേചനപദ്ധതി എക്സിക്യുട്ടീവ് എൻജിനിയർ വി.കെ. ഗിരീഷ് കുമാർ വ്യക്തമാക്കി. ബോട്ട് സർവീസ് പുനരാരംഭിക്കാൻ ജലസേചനവകുപ്പ് അധികൃതർ നടപടിസ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കി ആവശ്യപ്പെട്ടു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.