നഗരത്തെ ഇനി ആര് രക്ഷിക്കും ?; കെട്ടിടമില്ലാത്തതിനാൽ ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തുന്നുകോഴിക്കോട്:പ്രവർത്തിക്കാൻ ഇടം കിട്ടാതെ ബീച്ച് ഫയർ സ്റ്റേഷൻ പ്രവർത്തനം നിർത്തുന്നു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ നിന്നു തൽക്കാലം മാറാൻ ഇടം കിട്ടാതായതോടെയാണ് ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ പ്രദേശമായ കോഴിക്കോട് നഗരത്തിലെ ഫയർ സ്റ്റേഷൻ താൽക്കാലികമായി പ്രവർത്തനം നിർത്തുന്നത്. ഒരു വാഹനവും ജീവനക്കാരെയും മാത്രം ഇവിടെ നിർത്തി ബാക്കി ജീവനക്കാരെയും സംവിധാനങ്ങളെയും വെള്ളിമാടുകുന്ന്, മീഞ്ചന്ത, കൊയിലാണ്ടി ഫയർ സ്റ്റേഷനുകളിലേക്കു വിന്യസിച്ച് അഗ്നിശമന വകുപ്പ് ഉത്തരവിറക്കി.
പുതിയ കെട്ടിടമുണ്ടാക്കിയാലേ ഇനി ബീച്ച് ഫയർ സ്റ്റേഷനു മടങ്ങിവരാനാകൂ. ഇതുവരെ ഭരണാനുമതി പോലും കിട്ടാത്ത കെട്ടിടം എന്നു വരുമെന്ന് വ്യക്തവുമല്ല. മിഠായിത്തെരുവ്, പാളയം, വലിയങ്ങാടി അടക്കം പ്രധാന വ്യാപാര കേന്ദ്രങ്ങൾ, സിവിൽ സ്റ്റേഷൻ അടക്കമുള്ള പ്രധാന ഓഫിസുകൾ, പ്രതിദിനം ആയിരക്കണക്കിനു പേർ വരുന്ന ബീച്ച് പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങി ജില്ലാ ആസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശത്തെ അഗ്നിശമന ഓഫിസാണ് പ്രവർത്തനം നിർത്തുന്നത്. നിലവിലുള്ള ബീച്ച് ഫയർ സ്റ്റേഷൻ കെട്ടിടം ഏതു സമയവും പൊളിഞ്ഞു വീഴുമെന്ന അവസ്ഥയിലായിരുന്നു.

ഇതിനാലാണ് പുതിയ കെട്ടിടം വരുന്നതുവരെ താൽക്കാലിക സ്ഥലം അന്വേഷിച്ചു തുടങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ വെള്ളയിലുള്ള കെട്ടിടത്തിലേക്കു മാറ്റാൻ തീരുമാനിച്ചെങ്കിലും പൈതൃക കെട്ടിടമായതിനാൽ കൊടുക്കാനാകില്ലെന്നു പറഞ്ഞ് ഫിഷറീസ് വകുപ്പ് ഉടക്കി. ഈ കെട്ടിടം ഫയർ സ്റ്റേഷനു വേണ്ടി വിട്ടു കൊടുക്കണമെന്ന് ആദ്യം ഉത്തരവിട്ട കലക്ടർ, പിന്നീട് മ്യൂസിയം ആക്കാനുള്ള കെട്ടിടമായതിനാൽ കെട്ടിടം നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. കോർപറേഷനോട് സ്ഥലം ആവശ്യപ്പെട്ടെങ്കിലും അവരും മുഖംതിരിച്ചു.


ഇതോടെ ഫയർ സ്റ്റേഷൻ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കാൻ അഗ്നിശമന വകുപ്പ് തീരുമാനിക്കുകയായിരുന്നു. ജനപ്രതിനിധികളോടും വ്യാപാരികളോടും സംസാരിച്ച് താൽക്കാലികമായി പ്രവർത്തിപ്പിക്കാൻ സ്ഥലം കണ്ടെത്താൻ നിർദേശിച്ച് അഗ്നിശമന വകുപ്പ് ഡയറക്ടർ ജനറലും കൈകഴുകി. മിഠായിത്തെരുവിൽ നിരന്തരം തീപിടിത്തം ഉണ്ടാകുന്നതിനാൽ ഇവിടെ കേന്ദ്രീകരിച്ചു സാറ്റലൈറ്റ് സ്റ്റേഷൻ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി ജീവനക്കാരെയും നിയമിച്ചിരുന്നു.

ഈ ജീവനക്കാരെയും ബീച്ച് ഫയർ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ഇവരും ഇനി മറ്റു സ്റ്റേഷനുകളിലേക്കു പോകേണ്ടി വരും. 17 കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കാൻ പദ്ധതി സമർപ്പിക്കുക മാത്രം ചെയ്തിട്ടുണ്ട്. ഇതിന് ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ഇത് എന്നു നടപ്പാകുമെന്നും അറിയില്ല. അതുവരെ തിരക്കേറിയ നഗരപരിധിയിൽ ഫയർ സ്റ്റേഷൻ ഉണ്ടാകില്ല എന്ന സ്ഥിതി ആശങ്ക ഉയർത്തുന്നു.

beach fire station closing

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post