ബീച്ച് ഫയർസ്റ്റേഷൻ നിർത്തുന്നതിൽ പ്രതിഷേധമുയരുന്നു: മനുഷ്യാവകാശ കമ്മിഷൻ കളക്ടറോട് റിപ്പോർട്ട് തേടി



കോഴിക്കോട് : നഗരത്തിലെ ഏക ഫയർസ്റ്റേഷനായ ബീച്ച് അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്താനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധമുയരുന്നു. സംഭവത്തിൽ ചൊവ്വാഴ്ച മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. തീരുമാനത്തിനെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകളും രംഗത്തെത്തി.
കളക്ടർ പരാതി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ബീച്ച് ഫയർസ്റ്റേഷൻ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്നാണ് പ്രവർത്തനം നിർത്തിവെക്കുന്നത്. മറ്റൊരു കെട്ടിടത്തിൽ പ്രവർത്തനം തുടരാനായിരുന്നു തീരുമാനമെങ്കിലും അത് കണ്ടെത്താനായില്ല. പകരം സംവിധാനം ഒരുക്കാൻ കോഴിക്കോട് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ബീച്ച് യൂണിറ്റിലെ ജീവനക്കാരെയും മറ്റും വെള്ളിമാടുകുന്ന്, മീഞ്ചന്ത, കൊയിലാണ്ടി ഫയർസ്റ്റേഷനുകളിലേക്ക്‌ മാറ്റാനാണ് തീരുമാനം.

മിഠായിത്തെരുവ്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ പ്രയോജനപ്പെട്ടിരുന്ന ഫയർസ്റ്റേഷനാണ് നിർത്തലാക്കുന്നത്. പുതിയ കെട്ടിടം പൂർത്തിയാകാൻ മൂന്നു വർഷത്തിലധികം സമയമെടുക്കുമെന്നാണ് കരുതുന്നത്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒക്ടോബറിൽ കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.


'തീരുമാനം പുനഃപരിശോധിക്കണം'

തീരുമാനം പുനഃപരിശോധിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെയും വിവിധ സംഘടനാ ഭാരവാഹികളുടെയും അടിയന്തര സംയുക്തയോഗം അധികൃതരോട് ആവശ്യപ്പെട്ടു. തീപ്പിടിത്തവേളയിൽ മാത്രമല്ല മറ്റുള്ള അപകട വേളകളിലെല്ലാം അഗ്നിരക്ഷാസേനയുടെ സേവനം അനിവാര്യമാണ്. ബീച്ചിലെ അഗ്നിരക്ഷാനിലയം നഗരത്തിൽത്തന്നെ ലിങ്ക് റോഡ്, സ്റ്റേഡിയം പരിസരം, പുതിയപാലം, മാനാഞ്ചിറ പരിസരം, ബാങ്ക് റോഡിൽ ഒഴിഞ്ഞുകിടക്കുന്ന കുടുംബശ്രീ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളിലേക്കെവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിർദേശിച്ച പ്രകാരം താത്കാലികമായി പ്രവർത്തിക്കുന്നതിന് ജനപ്രതിനികൾ, വ്യാപാര-വ്യവസായ സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് അനുയോജ്യമായ കെട്ടിടം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കണം. യോഗത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി എം.കെ. അയ്യപ്പൻ, ഖജാൻജി എം.വി. കുഞ്ഞാമു, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ മുണ്ടോളി, സി.വി. ജോസി, എം.സി. ജോൺസൺ, എം.കെ. അയ്യപ്പൻ, സി.സി. മനോജ് തുടങ്ങിയവർ സംസാരിച്ചു.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post