കോഴിക്കോട്∙ മണ്ണ് ലഭിക്കാത്തതിനാൽ വെങ്ങളം മുതൽ രാമനാട്ടുകര വരെ ദേശീയപാത ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി സ്തംഭനത്തിലേക്ക്. അനുമതി ലഭിച്ച സ്ഥലത്തുനിന്ന് മണ്ണെടുക്കാൻ നാട്ടുകാരുടെ പ്രതിഷേധം കാരണം സാധിക്കാത്തതും നാലിടത്തുനിന്ന് മണ്ണെടുക്കാൻ അനുമതിക്കായി സമർപ്പിച്ച അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതുമാണ് പ്രശ്നം. ബൈപാസിലെ 97% പ്രവൃത്തിയും നടപ്പാക്കാൻ സ്ഥലം മണ്ണിട്ടു നികത്തണം. കോഴിക്കോട് ജില്ലയിൽ ജിയോളജിസ്റ്റ് ഇല്ലാത്തതിനാൽ മണ്ണെടുപ്പ് ഏറെക്കാലം തടസ്സപ്പെട്ടു.
ഒരു വർഷത്തിലേറെ ജില്ലയിൽ ജിയോളജിസ്റ്റിന്റെ ഒഴിവിൽ ആളെ നിയമിച്ചിരുന്നില്ല. വയനാട് ജില്ലാ ജിയോളജിസ്റ്റിനായിരുന്നു അധിക ചുമതല. വയനാട്ടിൽനിന്ന് 2 ദിവസം കോഴിക്കോട്ടെത്തി ഇവിടത്തെ കാര്യങ്ങൾ നോക്കുകയായിരുന്നു. കോഴിക്കോട്ട് പുതിയ ജിയോളജിസ്റ്റിനെ നിയമിച്ചെങ്കിലും കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഏറെ സമയം ആവശ്യമാണ്. 6 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ബൈപാസ് നിർമാണത്തിന് ഇനി ആവശ്യം. അത്തോളി ചോയിക്കുളത്താണ് 4 മാസമായി മണ്ണെടുപ്പ് തടസ്സപ്പെട്ടിരിക്കുന്നത്.
1.5 ലക്ഷം ക്യുബിക് മീറ്റർ മണ്ണാണ് ഇവിടെനിന്ന് എടുക്കേണ്ടത്. നാലിടത്തുനിന്ന് മണ്ണെടുക്കാൻ സർവേ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചിട്ട് നാലര മാസമായിട്ടും അനുമതി ലഭിച്ചിട്ടുമില്ല. കോരപ്പുഴ പാലത്തിനടുത്തും, മൊകവൂർ, മാളിക്കടവ് എന്നിവിടങ്ങളിലുമാണ് ഇപ്പോൾ പ്രധാനമായും പണി തടസ്സപ്പെട്ടിരിക്കുന്നത്. കോരപ്പുഴ പാലത്തിനടുത്ത് 1.800 കിലോമീറ്ററിൽ 5.5 മീറ്റർ ഉയരത്തിൽ മണ്ണിട്ട് ഉയർത്തിവേണം റോഡ് നിർമിക്കാൻ.
മൊകവൂരിന് അടുത്ത് 800 മീറ്ററിൽ 3.80 മീറ്റർ ഉയരത്തിലും മാളിക്കടവിൽ 600 മീറ്ററിൽ 5.80 മീറ്ററും മണ്ണിട്ട് ഉയർത്തിയാൽ മാത്രമേ റോഡു നിർമിക്കാൻ സാധിക്കൂ. വെങ്ങളം മുതൽ രാമനാട്ടുകര വരെ ദേശീയപാതാ ബൈപാസ് 6 വരിയാക്കുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കരാറുകാർക്ക് അനുവദിച്ച സമയം 2024 ഡിസംബർ 31 ആണ്. 2018ൽ കരാർ നൽകിയ പദ്ധതി 2020 ൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങളാൾ 2021 ഏപ്രിൽ 18ന് ആണ് നിർമാണം ആരംഭിച്ചത്.
no soil; Bypass construction stalled
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
NH Bypass