
ഫറോക്ക്:വിനോദസഞ്ചാര വകുപ്പ് സഹകരണത്തോടെ ഫറോക്കിൽ സംഘടിപ്പിക്കുന്ന ചാംപ്യൻസ് ബോട്ട് ലീഗ് ‘ചാലിയാർ വള്ളംകളി’ 24നു നടക്കും. പഴയപാലം പരിസരത്ത് ഉച്ചയ്ക്ക് 2.30നു തുടങ്ങുന്ന മത്സരം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30 പേർ തുഴയുന്ന 12 ചുരുളൻ വള്ളങ്ങൾ മത്സരത്തിനുണ്ടാകും. 3 ഹീറ്റ്സുകളായാണു മത്സരം നടത്തുക. പുതിയപാലം പരിസരത്തു നിന്നു തുടങ്ങി പഴയ പാലത്തിനു സമീപം അവസാനിക്കും വിധത്തിലാണു ക്രമീകരണം.
വള്ളംകളിയുടെ ഭാഗമായി പ്രാദേശികതലത്തിൽ ഫ്ലൈ ബോർഡിങ്, ജല ഘോഷയാത്ര, നിശ്ചലദൃശ്യങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. കാണികൾക്കു മത്സരം വീക്ഷിക്കാൻ ചാലിയാറിന്റെ കരയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. വാശിയേറിയ മത്സരത്തിൽ പങ്കെടുക്കുന്ന വള്ളംകളി ടീമുകൾ വിവിധ കേന്ദ്രങ്ങളിൽ പരിശീലനത്തിലാണ്. വിനോദസഞ്ചാര വകുപ്പിനൊപ്പം ജില്ലാ ഭരണകൂടം, ഡിടിപിസി എന്നിവ സംയുക്തമായാണ് ചാംപ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിക്കുന്നത്.
നേരത്തെ സെപ്റ്റംബർ 24നു നടത്താൻ നിശ്ചയിച്ചിരുന്ന വള്ളംകളി നിപ്പയെ തുടർന്നു മാറ്റി വച്ചതായിരുന്നു. ഒരുക്കങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. എഡിഎം സി.മുഹമ്മദ് റഫീഖ്, ഡപ്യൂട്ടി കലക്ടർ ഇ.അനിതകുമാരി, അസി.കമ്മിഷണർ എ.എം.സിദ്ദിഖ്, ഫയർ സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, ഡിടിപിസി സെക്രട്ടറി ടി.നിഖിൽ ദാസ് എന്നിവർ പങ്കെടുത്തു.
Chaliyar Vallamkali on 24th

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.