കോഴിക്കോട് വിമാനത്താവളം: മുഴുവൻ സമയ വിമാന സർവീസ് നാളെ മുതൽ



കരിപ്പൂർ:റൺവേയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ കോഴിക്കോട് വിമാനത്താവളത്തിൽ നാളെ മുതൽ പൂർണതോതിൽ 24 മണിക്കൂർ വിമാന സർവീസ് പുനരാരംഭിക്കും. വിമാന സർവീസുകളുടെ ശൈത്യകാല ഷെഡ്യൂളും നാളെ ആരംഭിക്കുകയാണ്. റൺവേ റീ കാർപറ്റിങ്ങിനായി ഏർപ്പെടുത്തിയ നിയന്ത്രണമാണ് 10 മാസത്തിനു ശേഷം നീങ്ങുന്നത്. 
ജനുവരി മുതലാണ് കരിപ്പൂരിൽ റൺവേ റീ കാർപറ്റിങ് ആരംഭിച്ചത്. പ്രവൃത്തിമൂലം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾ അനുവദിച്ചിരുന്നില്ല. ഈ നിയന്ത്രണമാണ് നാളെ മുതൽ പൂർണമായും ഇല്ലാതാകുന്നത്. കരാർ എടുത്ത ഡൽഹി കേന്ദ്രമായ എൻഎസ്‌സി പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക്, ജോലി തീർക്കാൻ നവംബർ വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ജൂൺ ആദ്യവാരത്തിൽതന്നെ റീ കാർപറ്റിങ് പൂർത്തിയാക്കി. 

ലാൻഡിങ് സുരക്ഷയ്ക്കുള്ള അത്യാധുനിക പ്രകാശ സംവിധാനങ്ങളായ സെൻട്രൽ ലൈൻ ലൈറ്റ്, ടച്ച് സോൺ ലൈറ്റ് എ ന്നിവയും അതോടൊപ്പം സ്ഥാപിച്ചു. എന്നാൽ, റൺവേയുടെ വശങ്ങളിൽ മണ്ണിട്ടുനിരപ്പാക്കുന്ന ഗ്രേഡിങ് ജോലി ബാക്കിയായി. മണ്ണു ലഭിക്കാനുള്ള സാങ്കേതിക കുരുക്കുകളും മഴയുമാണ് ഗ്രേഡിങ് ജോലി വൈകാൻ ഇടയാക്കിയത്. ആഴ്ചകൾക്കു മുൻപ് അതും പൂർത്തിയായി. 

തുടർന്ന് പല വിമാന സർവീസുകളും അനുമതി തേടി പകൽ ഇറങ്ങിയിരുന്നു. വിമാനങ്ങൾക്ക് സമയക്രമം പുനഃക്രമീകരിക്കേണ്ടതിനാൽ 24 മണിക്കൂർ സർവീസ്, ശൈത്യകാല ഷെഡ്യൂൾ ആരംഭിക്കുന്ന ഒക്ടോബർ 28ലേക്ക് തീരുമാനിക്കുകയായിരുന്നു. നാളെ മുതൽ ശൈത്യകാല ഷെഡ്യൂൾ അനുസരിച്ചായിരിക്കും സർവീസുകൾ.

വിമാന സമയം മാറിത്തുടങ്ങി

പകൽ റൺവേയിൽ ജോലി നടക്കുന്നതിനാൽ, 10 മാസത്തോളമായി വൈകിട്ട് 6 മുതൽ രാവിലെ 10 വരെയായിരുന്നു വിമാന സർവീസ്. നിയന്ത്രണം നീക്കിയതോടെ വിമാനക്കമ്പനികൾ സമയം മാറ്റിത്തുടങ്ങി. മാത്രമല്ല, ശൈത്യകാല ഷെഡ്യൂൾ നാളെ മുതൽ ആരംഭിക്കുന്നതിനാൽ അടുത്ത ദിവസങ്ങളിൽ അതനുസരിച്ചുള്ള സമയമാറ്റവുംകൂടി ഉൾപ്പെടുത്തിയായിരിക്കും വിമാന സർവീസുകൾ. രാവിലെ 8.30നു പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് –ഷാർജ വിമാനം പുറപ്പെടുന്ന സമയം ഉച്ചയ്ക്ക് 12.50 ആക്കി.


കോഴിക്കോട് –ബഹ്റൈൻ വിമാനം രാവിലെ 8.30ൽനിന്ന് രാവിലെ 11 മണിയായി. ഒമാനിലേക്കുള്ള വിമാനം എട്ടരയിൽനിന്ന് 9.45ലേക്കു മാറ്റി. അതേസമയം, പല വിമാ ന സർവീസുകളുടെയും സമയത്തിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. പൂർണമായ ഷെ ഡ്യൂൾ തയാറാകുന്നതേയുള്ളൂ. അടുത്ത ദിവസങ്ങളിൽ കൂടുതൽ സമയമാറ്റം സംബന്ധിച്ച അറിയിപ്പുണ്ടാകും. കൂടുതൽ വിമാന സർവീസുകളും കോഴിക്കോട് കേന്ദ്രീകരിച്ച് ആരംഭിക്കുമെന്ന സൂചനകളുമുണ്ട്.

Kozhikode airport: Full-time flight service from tomorrow

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post