
കോഴിക്കോട്: എടിഎം കാർഡും മൊബൈൽ ഫോണും മോഷ്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത മോഷ്ടാവ് ഒടുവിൽ പൊലീസിന്‍റെ പിടിയിൽ. കർണാടക സ്വദേശി നാഗരാജ് ആണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ പിടിയിലായത്. തട്ടിപ്പിന് ശേഷം മുങ്ങിയ നാഗരാജിനെ തെലങ്കാനയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോഴിക്കോട്ടെ ലോഡ്ജിൽ താമസിച്ചിരുന്ന മലപ്പുറം സ്വദേശി ബഷീറിന്‍റെ ഫോണും എടിഎം കാർഡും തട്ടിയെടുത്താണ് പ്രതി ഒന്നര ലക്ഷം രൂപ കവർന്നത്.
കഴിഞ്ഞ മാസം 26നായിരുന്നു മോഷണം നടന്നത്. ബഷീറിന്‍റെ മൊബൈലും എ ടി എം കാർഡും കവർന്ന നാഗരാജ്, വിദഗ്ധമായി എടിഎം പിൻ നമ്പർ മാറ്റുകയായിരുന്നു. തുടർന്ന് പലപ്പോഴായി എടിഎം ഉപയോഗിച്ച് അക്കൌണ്ടിൽ നിന്നും പണം പിൻവലിച്ചു. പണം വിൻവലിച്ചതിന് പുറമേ, എ ടി എം കാർഡുപയോഗിച്ച് സ്വർണാഭരണവും ഓൺലൈനിലൂടെ മൊബൈൽ ഫോണും വാങ്ങി. ഓർഡർ ചെയ്ത പുതിയ ഫോൺ കൈപ്പറ്റിയതോടെ ഇയാൾ നാടുവിടുകയായിരുന്നു. ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം വരാതിരിക്കാനായി പ്രതി ബഷീറിന്‍റെ സിംകാർഡ് കസ്റ്റമർ കെയറിലേക്ക് കോള്‍ ഡൈവേർട്ട് ചെയ്തും വച്ചതായി പൊലീസ് കണ്ടെത്തി.
ഒടുവിൽ ഫോണിന്‍റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തെലങ്കാനയിലെ മഞ്ചേരിയാലിൽ നിന്ന് പിടികൂടിയതെന്ന് ടൗൺ പൊലീസ് എസിപി പി ബിജുരാജ് പറഞ്ഞു. ഇയാൾ സമാനരീതിയിൽ നേരത്തെയും പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് അറിയച്ചു. മൂന്ന് കേസുകളെക്കുറിച്ചും ടൗൺ പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. എടിഎം കാർഡോ സിം കാർഡോ നഷ്ടമായാൽ എത്രമാത്രം വലിയ തിട്ടിപ്പിന് ഇരയാകുമെന്നതിന്‍റെ ഉദാഹരമാണിതെന്ന് പൊലീസ് പറയുന്നു.
karnataka native youth arrested for atm card robbery case in kerala

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.