നിയമം കാറ്റിൽപ്പറത്തി കുട്ടികളുടെ ഡ്രൈവിങ് : അപകടക്കുതിപ്പിന് ബ്രേക്കിടേണ്ടേ?

ലൈസൻസും ഹെൽമെറ്റുമില്ലാതെ മൂന്നുപേരെ കയറ്റി സ്കൂളിലേക്കുപോകുന്ന വിദ്യാർഥികൾ


കൊടുവള്ളി : മുക്കിന് മുക്കിന് എ.ഐ. ക്യാമറയും വളവുകളിൽപ്പോലും തമ്പടിച്ച് പോലീസ്-മോട്ടോർ വാഹനവകുപ്പ് അധികൃതരുടെ വാഹനപരിശോധനയും നടക്കുന്ന കാലത്തും കുട്ടിഡ്രൈവർമാരുടെ നിരത്തിലെ അഭ്യാസത്തിന് കുറവില്ല. കൊടുവള്ളി, മുക്കം, ചാത്തമംഗലം തുടങ്ങിയ മലയോരമേഖലയിലെ മിക്ക സ്കൂളുകളിലും കലാലയങ്ങളിലും ലൈസൻസില്ലാതെ വാഹനങ്ങളുമായെത്തുന്ന വിദ്യാർഥികളേറെ.
എസ്.എസ്.എൽ.സി.ക്കും പ്ലസ് ടുവിനും പഠിക്കുന്ന പ്രായപൂർത്തിയാവാത്ത കൗമാരക്കാർ സ്കൂൾ യൂണിഫോമിലും അല്ലാതെയും നിരത്തിലൂടെ വാഹനങ്ങളിൽ ചീറിപ്പായുന്നത് മേഖലയിൽ പതിവുകാഴ്ച. ബൈക്കുകളും സ്കൂട്ടറുകളുമാണ് കുട്ടികൾക്ക് ഏറെ പ്രിയം. മൂന്നുംനാലുംപേരെ കയറ്റി ഹെൽമറ്റില്ലാതെ അതിവേഗത്തിൽ കുതിക്കുന്ന ഇവർ മറ്റു യാത്രികർക്കും ഭീഷണിയാണ്. കലാലയവിദ്യാർഥികൾക്കിടയിലും ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർ കുറവില്ല. രക്ഷിതാക്കൾ അറിഞ്ഞും അറിയാതെയുമെല്ലാമാണ് കുട്ടികളുടെ ഈ നിയമലംഘനം.

ശബ്ദമലിനീകരണമുണ്ടാക്കുന്ന സൈലൻസറും ഹോണും ഘടിപ്പിച്ച് രണ്ടിൽക്കൂടുതൽ പേരെയും കയറ്റി ബൈക്കിൽ പറക്കാനാണ് ‘ന്യൂജൻ’ പിള്ളേരിൽ നല്ലൊരു വിഭാഗത്തിനും പ്രിയം. വിലകൂടിയ സൂപ്പർ ബൈക്കുകളിലാണ് ചിലരുടെ കുതിപ്പ്. ഹെൽമെറ്റ് ധരിക്കുന്നത് ഇവർക്ക് അലർജിയാണ്. മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നവരും കുറവല്ല. മരണത്തിലേക്ക് നീളുന്ന ഇത്തരം അപകടയാത്രകൾ തടയാൻ രക്ഷിതാക്കളോ, നിയമപാലകരോ കാര്യമായി ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.


ഒട്ടേറെ ജീവൻ പൊലിഞ്ഞിട്ടും സാരമായി പരിക്കേറ്റ അപകടങ്ങളുണ്ടായിട്ടും ആരും പാഠം പഠിക്കുന്നില്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഓടിച്ച വാഹനം ഇടിച്ച് കാൽനടക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും പരിക്കേൽക്കുന്ന സംഭവങ്ങളിൽ, രക്ഷിതാക്കൾ ഭീമമായ തുക നഷ്ടപരിഹാരം നൽകിയാണ് പലപ്പോഴും നിയമക്കുരുക്കിൽനിന്ന് തലയൂരാറുള്ളത്. കൊടുവള്ളി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, കരുവൻപൊയിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെല്ലാം മൂന്നുപേരെ കയറ്റി ബൈക്കോടിക്കുന്ന വിദ്യാർഥികൾ പുതുമയില്ലാത്ത കാഴ്ചയായി മാറിയിട്ടുണ്ട്. വിദ്യാർഥികളുടെ നിയമംലംഘിച്ചുള്ള വാഹനമോടിക്കൽ തടയിടാൻ പോലീസും മോട്ടോർവാഹനവകുപ്പും വിചാരിച്ചാൽ കഴിയാവുന്നതേയൂള്ളുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്, സ്കൂൾപരിസരങ്ങളിൽ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തി നിയമലംഘനത്തിന് തക്കതായ ശിക്ഷയും രക്ഷിതാക്കൾക്ക് ബോധവത്കരണവും നൽകണമെന്നാണ് ഇവരുടെ പക്ഷം.

നടപടിയെടുക്കും
പ്രായപൂർത്തിയാവാത്ത വിദ്യാർഥികൾ വാഹനങ്ങൾ ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ പറ്റില്ല. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകും. സ്കൂൾ പരിസത്ത് വാഹനപരിശോധന നടത്താനും നിരീക്ഷണക്യാമറ സംവിധാനം ഒരുക്കാനുമുള്ള തീരുമാനം ഉടൻ നടപ്പാക്കും. 
സി.കെ. അജിൽകുമാർ കൊടുവള്ളി ജോയന്റ് ആർ.ടി.ഒ. ഇൻ ചാർജ് 

രക്ഷിതാക്കൾ  ജാഗ്രതപുലർത്തണം 
കൗമാരക്കാരായ വിദ്യാർഥികൾ വ്യാപകമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുക്കുന്ന രക്ഷിതാക്കൾക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാഹനമോടിക്കാൻ കൊടുക്കുന്ന ആർ.സി. ഓണർക്ക് മൂന്നുവർഷംവരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. 
കെ. പ്രജീഷ് കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ
Children's driving against the law: Shouldn't the brakes be applied to the accident?
Previous Post Next Post