കോഴിക്കോട്: അപകടാവസ്ഥയിലായ അരയിടത്തുപാലം ഇ.കെ. നായനാർ മേൽപ്പാലം നവീകരിക്കുന്നതിന് മുന്നോടിയായി പഠനം നടത്തും. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് പഠനമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
നായനാർ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡും പാലവും ചേരുന്നയിടത്തും കോൺക്രീറ്റ് ബ്ലോക്കുകളിലുമാണ് നിലവിൽ തകരാറുള്ളത്. ഭാരമുള്ള വാഹനങ്ങളടക്കം കടന്നുപോകുന്നതിനാൽ ചെറിയ അനാസ്ഥ പോലും വൻ ദുരന്തത്തിന് വഴിവെക്കുമോയെന്ന ആശങ്കയുണ്ട്.
പാലത്തിന്റെ അപകടാവസ്ഥ മുമ്പ് ശ്രദ്ധയിൽപ്പെട്ടതാണ്. അന്ന് പ്രാഥമിക പരിശോധന നടന്നെങ്കിലും തുടർനടപടിയൊന്നും സ്വീകരിച്ചില്ലായിരുന്നു. മേൽപ്പാലത്തിന്റെ ഉടമസ്ഥാവകാശം കോർപ്പറേഷന്റെ കൈയിലായതുകൊണ്ടാണ് അന്ന് പൊതുമരാമത്ത് വകുപ്പിന് പാലം നവീകരിക്കാൻ സാധിക്കാതിരുന്നത്.
2010-ൽ കേരള സുസ്ഥിര നഗരവികസന പദ്ധതിയുടെ ഭാഗമായി യു.എൽ.സി.സി.എസാണ് നായനാർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലായിലാണ് കോർപ്പറേഷൻ പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറിയത്. അന്ന് പാലത്തിന്റെ രൂപഘടനയിലടക്കമുള്ള പരിശോധന നടന്നിരുന്നു. മണ്ണിന്റെ ഘടനയിലുള്ള പരിശോധന പൂർത്തിയാക്കാനുണ്ട്.
അതേസമയം, പാലത്തിനുണ്ടായ ബലക്ഷയം കഴിഞ്ഞ ദിവസംതന്നെ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്ന് കൗൺസിലർ കെ.ടി. സുഷാജ് പറഞ്ഞു. പാലത്തിന്റെ ബലക്ഷയം എത്രയും വേഗം പരിഹരിക്കണമെന്നാവശ്യപെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.