കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. ഷബ്നയുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പക്ഷേ ഒളിവില്‍ പോയ മൂന്ന് പേരെയും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ ഇവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഷബ്നയുടെ ഭര്‍ത്താവിന് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം നാലിനാണ് ഷബ്നയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
young woman shabnas death in orkkatteri kozhikode police says husband s parents and sister are absconding
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.