താമരശ്ശേരി∙ ടൗണിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള റന ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. ലോക്കറിൽ സൂക്ഷിച്ചിരുന്ന 50 പവന്റെ ആഭരണങ്ങളാണ് മോഷണം പോയത്. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് ചൊവ്വാഴ്ച രാത്രി മോഷണം നടത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിട്ടുണ്ട്. ജ്വല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഗോവണിയുടെ ഷട്ടർ ഉയർത്തി ഉള്ളിൽ കയറിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ചുമർ തുരന്നാണ് അകത്തു കടന്നത്. ലോക്കർ ഡോറിന്റെ അടിഭാഗം മുറിച്ചുമാറ്റിയിട്ടുണ്ട്.
റൂറൽ എസ്പി അരവിന്ദ് സുകുമാരൻ, ഡിവൈഎസ്പി പി.പ്രമോദ്, സിഐ എ.സായൂജ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമ കൊടുവള്ളി ആവിലോറ ചീത്തപാറമ്മൽ അബ്ദുൽ സലാമിന്റെ പരാതി പ്രകാരം താമരശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. താമരശ്ശേരി ഡിവൈഎസ്പി പി.പ്രമോദ്, സിഐ എ.സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം കേസ് അന്വേഷിക്കും. രാത്രി 11.30ന് എത്തിയ മോഷ്ടാക്കൾ പുലർച്ചെ അഞ്ചേകാലോടെയാണ് പുറത്തു കടന്നത്. കടയ്ക്കുള്ളിലെ സിസി ടിവി ക്യാമറകൾ സ്പ്രേ അടിച്ച് പ്രവർത്തനരഹിതമാക്കിയിരുന്നു.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.