വനത്തിൽ അതിക്രമിച്ചുകയറി വെള്ളരിമല ട്രക്കിങ് എട്ടംഗസംഘം വനംവകുപ്പിന്റെ പിടിയിൽ



താമരശ്ശേരി : വ്ളോഗർമാരുടെ യുട്യൂബ് വീഡിയോകണ്ട് പ്രചോദനമുൾക്കൊണ്ട് വനംവകുപ്പിന്റെ അനുമതിയില്ലാതെ വനാന്തർഭാഗത്ത് ട്രക്കിങ് നടത്തിയ എട്ടംഗസംഘം പിടിയിൽ.

താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിമലിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിൽ എടത്തറ ഫോറസ്റ്റ് സെക്‌ഷനിലെ വെള്ളരിമല ഉൾവനത്തിൽവെച്ചാണ് ഇവർ പിടിയിലായത്.

മലപ്പുറം സ്വദേശികളായ പുതുക്കോട് പള്ളിപ്പുറത്ത് പുറായിൽ പി.പി. ഗോപി, ഐക്കരപടി കൊല്ലറപ്പാലി സതീഷ്, വൈദ്യരങ്ങാടി സ്വദേശി വരിപ്പാടൻ കെ. ജയറാം, രാമനാട്ടുകര സ്വദേശികളായ കൊളോറക്കുന്ന് സത്യൻ, പ്രണവംഹൗസിൽ ടി.കെ. ബ്രിജേഷ്, പിലാക്കാട്ടുപറമ്പ് അമൃത ഹൗസിൽ വി. അമിത്ത്, ആനക്കാംപൊയിൽ സ്വദേശികളായ മുത്തപ്പൻപുഴ കോളനിയിൽ ഹരിദാസൻ, ഗോപി എന്നിവരാണ് വനത്തിൽ അതിക്രമിച്ചുകയറിയതിന് പിടിയിലായത്.
കേരള വനനിയമത്തിലെ സെക്‌ഷൻ 27 പ്രകാരം വനത്തിൽ അതിക്രമിച്ചുകയറിയതിന് കേസെടുത്തശേഷം എട്ടുപേരെയും ജാമ്യത്തിൽ വിട്ടയച്ചു. ഭക്ഷ്യവസ്തുക്കളുമായി 24-ന് കാടുകയറിയ സംഘം മൂന്നാംദിവസമാണ് കാടിനുള്ളിൽവെച്ച് വനപാലകരുടെ പിടിയിലായത്.

എടത്തറ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ പി. ബഷീറിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം. ബിമൽദാസ്, ഇ. എഡിസൺ, കെ.ടി. അജീഷ്, വി.കെ. സജേഷ്, ഡ്രൈവർ ജിതേഷ്, ഫോറസ്റ്റ് വാച്ചർമാരായ സന്തോഷ്, പി.സി. ബിജു എന്നിവരുൾപ്പെട്ട വനപാലകസംഘമാണ് ഇവരെ പിടികൂടിയത്.
Previous Post Next Post