മുഹമ്മദ് സംഷീർ, ജംഷാദ്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ഷാമിൽ |
കോഴിക്കോട്:സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് സമീപം ഇടറോഡിൽ വിദ്യാർഥിയെ തടഞ്ഞുവച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതികള്‍ അറസ്റ്റിൽ. പയ്യാനക്കൽ ചാമുണ്ഡി വളപ്പ് സ്വദേശി മുഹമ്മദ് സംഷീർ എന്ന അച്ചാർ (21), അരക്കിണർ തായാർ നിലംപറമ്പ് സ്വദേശി മുഹമ്മദ് ഷാമിൽ (22), നടക്കാവ് തോപ്പയിൽ മുഹമ്മദ് ഷാനിദ് (20), പുതിയങ്ങാടി നടുവിലകം വീട്ടീൽ ജംഷാദ് (20) എന്നിവരാണ് അറസ്റ്റിലായത്. കസബ പൊലീസും ടൗൺ അസി. കമ്മിഷണറുടെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കമ്മിഷണർ ഓഫിസിന് എതിർവശമുള്ള റോസിലൂടെ നടന്നു പോകുകയായിരുന്ന വയനാട് മുട്ടിൽ സ്വദേശിയായ സിഎ വിദ്യാർഥിയെ പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് മൊബൈൽ ഫോണും പണവും കവരുകയായിരുന്നു. സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിവിധ സ്ഥലങ്ങളിൽ വച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
മുഹമ്മദ് സംഷീർ, മുഹമ്മദ് ഷാമിൽ, ജംഷാദ് എന്നിവർക്കെതിരെ കോഴിക്കോട് സിറ്റിയിൽ വിവിധ സ്റ്റേഷനുകളിൽ മോഷണം, കൊലപാതകം, ലഹരിമരുന്ന് കേസുകൾ നിലവിലുണ്ട്. കവർച്ച നടത്തി കിട്ടുന്ന പണം മദ്യത്തിനും ലഹരിമരുന്നിനും വേണ്ടിയാണ് ചെലാവാക്കിയിരുന്നത്. പ്രതികൾ കവർച്ച ചെയ്ത മുതലുകൾ പൊലീസ് കണ്ടെടുത്തു. ഇവർ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസബ ഇൻസ്പെക്ടർ രാജേഷ് മരങ്കലത്ത്, സബ് ഇൻസപെക്ടർ ജഗ് മോഹൻദത്തൻ, എഎസ്ഐ സുരേഷ് ബാബു, സീനിയർ സിപിഒ പി.സജേഷ് കുമാർ, സിപിഒ സുബിനി, ഹോം ഗാർഡ് രാജീവൻ, സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത്ത്, സൈബർ സെല്ലിലെ സ്കൈലേഷ്കുമാർ, സുജിത്ത്, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:
Crime