ആദ്യം ഡെലിവറി ബോയ്, വിശ്വാസം പിടിച്ചുപറ്റി മാനേജർ വരെയായി! ഒടുവിൽ മുതലാളിയുടെ പരാതി, അറസ്റ്റ്



കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സാമ്പത്തിക തട്ടിപ്പും മോഷണവും നടത്തിയ മാനേജറെ അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കാഞ്ഞിരം സ്വദേശി വെള്ളാപ്പുള്ളി വീട്ടില്‍ ഷെരീഫ് (25) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് മാവൂര്‍ റോഡിലെ മൊബൈല്‍ റീടെയ്ല്‍ സ്ഥാപനത്തിലെ മാനേജറായിരുന്നു ഇയാള്‍. 2021 ലാണ് ഷെരീഫ് ഈ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ഡെലിവറി ബോയ് ആയിട്ടായിരുന്നു ഷെരീഫ് ജോലിയിൽ പ്രവേശിച്ചത്.

ചുരുങ്ങിയ നാളുകള്‍ കൊണ്ടു തന്നെ ഏവരുടെയും വിശ്വാസം പിടിച്ചുപറ്റി മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. സ്ഥാപനത്തിന്റെ കോഴിക്കോട് ബ്രാഞ്ചിലെ വില്‍പനയുടെയും സ്റ്റോക്കെടുപ്പിന്റെയും മറ്റും ചുമതല ഈ സമയത്ത് ഇയാളാണ് ചെയ്തിരുന്നത്. ഈ സാഹചര്യം മുതലെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു പ്രതി. സാമ്പത്തിക വര്‍ഷാവസാനത്തിലെ കണക്കെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്രട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ മറിച്ചുവിറ്റും സ്ഥാപനത്തിലെ ലാഭം കണക്കില്‍ കാണിക്കാതെയും വലിയ തുക ഷെരീഫ് കൈക്കലാക്കുകയായിരുന്നു.
കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കിയ സ്ഥാപന ഉടമ നടക്കാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജോ, എസ് ഐ രമേശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഹരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ മണ്ണാര്‍ക്കാട്ടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ജെ എഫ് സി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഷെരീഫിനെ റിമാന്‍ഡ് ചെയ്തു.

Kozhikode shop manager arrested for financial fraud case
Previous Post Next Post