
കോഴിക്കോട് : അംഗീകാരമില്ലാത്ത കോഴ്സിൽ ചേർത്ത് വിദ്യാർഥികളിൽനിന്ന് ഫീസിനത്തിൽ 65 ലക്ഷത്തോളം രൂപ തട്ടിയകേസിൽ കല്ലായിലെ ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് എം.ഡി. എറണാകുളം സൗത്ത് വാഴക്കുളം തട്ടാംപറമ്പിൽ ശ്യാംജിത്ത് (37)നെ കസബ പോലീസ് അറസ്റ്റുചെയ്തു.
2022-ൽ ആരംഭിച്ച സ്ഥാപനത്തിൽ 64 കുട്ടികളാണ് പഠിച്ചിരുന്നത്. മൂന്നുവർഷം ദൈർഘ്യമുള്ള അഞ്ച് പാരാമെഡിക്കൽ കോഴ്സാണിവിടെയുള്ളത്. കോഴ്സിന് ഉത്തർപ്രദേശിലെ ശ്രീവെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടെ അംഗീകാരമുണ്ടെന്നാണ് പറഞ്ഞിരുന്നത്. 57,500 രൂപ വാർഷികഫീസുൾപ്പെടെ 1,20,000 രൂപയാണ് ഒരു വിദ്യാർഥിയിൽനിന്ന് ഈടാക്കിയിരുന്നത്. ഒന്നാം സെമസ്റ്റർ പരീക്ഷ ശ്രീവെങ്കിടേശ്വര യൂണിവേഴ്സിറ്റിയുടേതാണ് എഴുതിയത്. എന്നാൽ, രണ്ടാം സെമസ്റ്റർ പരീക്ഷ യൂണിേവഴ്സിറ്റി ഓഫ് ടെക്നോളജിയുടേതാണെന്ന് പറഞ്ഞതോടെ വിദ്യാർഥികൾക്ക് സംശയംതോന്നി. അന്വേഷിച്ചപ്പോൾ ഈ സ്ഥാപനത്തിലെ കോഴ്സുകളൊന്നും യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലില്ലെന്ന് മനസ്സിലായതെന്ന് വിദ്യാർഥികൾ പറഞ്ഞു.
തുടർന്ന് കസബ പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റുചെയ്തെങ്കിലും സംരക്ഷിക്കാനാണ് പോലീസിന്റെ നീക്കമെന്നാരോപിച്ച് വിദ്യാർഥികളും രക്ഷിതാക്കളും കസബ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. മൈഗ്രേഷൻ സർട്ടിഫിക്കറ്റും ടി.സി.യും ഉടൻ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
unauthorized course