ഇരട്ടിത്തുക വാഗ്ദാനം; ഒരു കോടി തട്ടാൻ‌ കൂട്ടുനിന്ന രണ്ടു സംഘങ്ങൾ പിടിയിൽ



കോഴിക്കോട്:നിക്ഷേപിക്കുന്ന പണത്തിന് ഇരട്ടിത്തുക വാഗ്ദാനം നൽകി സമൂഹമാധ്യമം വഴി വ്യാജ ട്രേഡിങ് ലിങ്കിലൂടെ തട്ടിപ്പു നടത്തുന്നതു തുടരുന്നു. കോഴിക്കോട് നഗരത്തിൽ രണ്ടു കേസുകളിലായി ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ 6 പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. 3 പേരെ വീതം നടക്കാവ് പൊലീസും സിറ്റി സൈബർ ക്രൈം പൊലീസുമാണ് അറസ്റ്റ് ചെയ്തത്. എരഞ്ഞിപ്പാലം സ്വദേശിയിൽ നിന്നു 43 ലക്ഷം രൂപയും സിറ്റിയിലെ ബിസിനസുകാരന്റെ 60 ലക്ഷത്തിലേറെ രൂപയുമാണ് സംഘം തട്ടിയെടുത്തത്.
പാലക്കാട് പറക്കുളം സ്വദേശികളായ ചോലയിൽ മുഹമ്മദ് മുസ്തഫ (23), യൂസഫ് (22), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി വെള്ളം കുഴി വീട്ടിൽ മുഹമ്മദ് അർഷക് (21), മലപ്പുറം വാണിയമ്പലം സ്വദേശികളായ മുഹമ്മദ് അജ്മൽ (22), അൻഷാദ് മോയിക്കൽ (21), കോഴിക്കോട് കൊടുവള്ളി സ്വദേശി പി.റംഷിൽ (22) എന്നിവരാണു പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിലായ പ്രതികൾ ഓൺലൈൻ തട്ടിപ്പു സംഘത്തിനു കേരളത്തിലെ ബാങ്ക് അക്കൗണ്ട് നൽകുകയും അതുവഴി വരുന്ന പണം പിൻവലിച്ചു മറ്റൊരു അക്കൗണ്ടിലൂടെ കൈമാറുകയുമാണ് ചെയ്യുന്നത്.

Two gangs conspired to extort one crore arrested
Previous Post Next Post