
കോഴിക്കോട്∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന ദിവസം വരെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ സ്‌നേഹിൽ കുമാർ സിങ് അറിയിച്ചു.
സർക്കാർ സ്ഥാപനങ്ങൾ, ക്യാംപസുകൾ, പൊതുസ്ഥലങ്ങളിലും പ്രചാരണ സാമഗ്രികൾ പാടില്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചാരണത്തിനു സമ്മതപത്രം വേണം. ജാഥ, പൊതുയോഗം എന്നിവയുടെ വിവരങ്ങൾ മുൻ കൂട്ടി പൊലീസിനെ അറിയിക്കണം.തിരഞ്ഞെടുപ്പ് ചെലവു നിരീക്ഷിക്കുന്നതിനു ജില്ലയിൽ 39 ഫ്ലയിങ് സ്‌ക്വാഡുകളും 26 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും 39 സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും വിന്യസിച്ചു.
ഒരു നിയമസഭാ മണ്ഡലത്തിൽ 3 വീതം ഫ്ലയിങ്, സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ വീതവും 2 വീതം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുമാണുള്ളത്.13 വിഡിയോ സർവൈലൻസ് ടീമുകളും സജ്ജമായിട്ടുണ്ട്.ഇതിനു പുറമേ 17 അസിസ്റ്റന്റ് എക്‌സ്പൻഡിച്ചർ ഒബ്‌സർവർമാരെയും നിയോഗിച്ചു.സ്ഥാനാർഥി, ഏജന്റ്, പാർട്ടി പ്രവർത്തകർ എന്നിവർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ 50,000 രൂപയിൽ കൂടുതൽ സൂക്ഷിക്കുന്നതും മദ്യം, ലഹരി മരുന്ന്, ആയുധം എന്നിവ കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.നാമനിർദേശ പത്രിക നൽകുന്നത് മുതലുള്ള ചെലവുകൾ സ്ഥാനാർഥിയുടേതായി കണക്കാക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വളപ്പിലും മറ്റും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റർ, കട്ടൗട്ട്, ബാനറുകൾ, കൊടികൾ, മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവയുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന് 24 മണിക്കൂറിനുള്ളിൽ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് അവ നീക്കം ചെയ്യണമെന്നും കലക്ടർ അറിയിച്ചു.സബ് കലക്ടർ ഹർഷിൽ കുമാർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ.അജീഷ്, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ഡോ.ശീതൾ ജി.മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:
Election