പട്ടാപ്പകൽ, സമയം 9.30, അതും കോഴിക്കോട് ആളുള്ള വീട്, ജനൽ വഴി നോക്കിയപ്പോൾ റൂമിലൊരാൾ! വളയും പണവുമായി പാഞ്ഞുകോഴിക്കോട്: പട്ടാപ്പകല്‍ വീട്ടില്‍ ആളുകള്‍ ഉള്ള സമയത്ത് തന്നെ മോഷണം നടന്ന കഥ കേട്ട് ആശ്ചര്യപ്പെടുകയാണ് കോഴിക്കോട് മുക്കത്തെ നാട്ടുകാര്‍. കഴിഞ്ഞ ദിവസം രാവിലെ 9.30 ഓടെ മുക്കം കയ്യിട്ടാപൊയിലില്‍ മരപ്പാടിമ്മല്‍ വിലാസിനിയുടെ വീട്ടില്‍ നടന്ന മോഷണമാണ് ഏവരെയും അമ്പരിപ്പിച്ചത്. കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന 2000 രൂപയും കുട്ടിയുടെ സ്വര്‍ണവളയുമാണ് മോഷ്ടാവ് കവര്‍ന്നത്.

സംഭവം ഇങ്ങനെ


രാവിലെ അടുക്കള ജോലികളെല്ലാം കഴിഞ്ഞ് വസ്ത്രങ്ങള്‍ അലക്കുന്നതിനായി വീടിന്റെ പുറകു വശത്തേക്ക് പോയതായിരുന്നു വിലാസിനി. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ച് കുറ്റിയിടുകയും അടുക്കള ഭാഗത്തെ വാതില്‍ ചാരുകയും ചെയ്തിരുന്നു. എന്നാല്‍ അല്‍പസമയം കഴിഞ്ഞ് വല്ലാത്ത ശബ്ദം കേട്ട് വിലാസിനി അവിടെ വന്നുനോക്കിയപ്പോള്‍ പുറകുവശത്തെ വാതില്‍ തുറന്ന് കിടക്കുന്നതാണ് കണ്ടത്. പന്തികേട് തോന്നി ജനല്‍ വഴി ഉള്ളിലേക്ക് നോക്കിയപ്പോള്‍ റൂമില്‍ മോഷ്ടാവ് കൂളായി തിരച്ചില്‍ നടത്തുകയായിരുന്നു. വിലാസിനിയെ കണ്ട ഉടനെ ഇയാള്‍ മുന്‍വശത്തെ വാതില്‍ തുറന്ന് ഓടി. പുറത്ത് റോഡരികില്‍ ഇയാളെ കാത്ത് സ്‌കൂട്ടറുമായി ഒരാള്‍ കൂടിയുണ്ടായിരുന്നതായി വിലാസിനി പറഞ്ഞു. ഒച്ചവെച്ചപ്പോഴേക്കും ഇരുവരും സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.
പിന്നീട് നടത്തിയ പരിശോധനയിലാണ് 2000 രൂപയും കുഞ്ഞിന്റെ വളയും നഷ്ടപ്പെട്ടതായി മനസ്സിലായത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും ഫിംഗര്‍ പ്രിന്റ് അധികൃതരും ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി


Daylight robbery in Kozhikode house police investigation details
Previous Post Next Post