കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർനിർമാണത്തിന്: സൂപ്പർഫാസ്റ്റ് വേഗം


കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണപ്രവർത്തനങ്ങൾ നാലാം പ്ലാറ്റ്ഫോമിൽ റെയിൽവേ ക്വാർട്ടേഴ്സിന് സമീപം നടക്കുന്നു


കോഴിക്കോട് : 445.95 കോടി വിനിയോഗിച്ചുള്ള കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം ദ്രുതഗതിയിൽ മുന്നേറുന്നു. സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഗസ്റ്റ്‌ഹൗസ് കെട്ടിടസമുച്ചയം അടുത്തയാഴ്ച പൊളിച്ചുനീക്കും. ഇതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. ഓഫീസുകൾ മാറ്റാൻ തുടങ്ങി. ഒന്നാംപ്ലാറ്റ്‌ഫോമിന് സമാന്തരമായുള്ള പ്രധാന കെട്ടിടം ജൂണിൽ പൂർണമായും പൊളിച്ചുനീക്കും. ഈ കെട്ടിടത്തിലെ ഓഫീസുകൾ നാലാം പ്ലാറ്റ്‌ഫോമിലേക്ക് മാറ്റും.


പ്രധാന ടിക്കറ്റ് കൗണ്ടർ, മെക്കാനിക്കൽ ഓഫീസ്, സ്റ്റേഷൻ മാനേജരുടെ ഓഫീസ്, സി.എൻ.ഡബ്ല്യു. ഓഫീസ് എന്നിവയാണ് പഴയ പാഴ്‌സൽ ഓഫീസിലേക്ക് മാറ്റുന്നത്. സ്റ്റേഷൻ ഡയറക്ടറുടെ ഓഫീസ് ക്രൂ ബുക്കിങ് ബിൽഡിങ്ങിലേക്ക് മാറ്റും. റെയിൽവേ കോളനി ഭാഗത്തെ പഴയകെട്ടിടങ്ങൾ ഇതിനകം പൊളിച്ചുനീക്കിക്കഴിഞ്ഞു. പഴയ റെയിൽവേ ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളാണ് പൂർണമായും പൊളിച്ചുനീക്കിയിട്ടുള്ളത്. റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം മാത്രമാണ് ഇനി ആ ഭാഗത്ത് പൊളിച്ചുനീക്കാനുള്ളത്.
പുതിയസ്റ്റേഷന് കിഴക്കും പടിഞ്ഞാറും ഭാഗത്തുനിന്ന് രണ്ട് പ്രധാന പ്രവേശനകവാടങ്ങളൊരുങ്ങും. പടിഞ്ഞാറുഭാഗത്തുള്ള പ്രവേശനം പുതുതായി നിർമിക്കുന്ന ഫ്രാൻസിസ് റോഡ്-വലിയങ്ങാടി റോഡിൽ നിന്നായിരിക്കും. ഈ റോഡിന്റെ നിർമാണം തെക്കുഭാഗത്തുനിന്ന് ആരംഭിച്ചുകഴിഞ്ഞു. ഫ്രാൻസിസ് റോഡ് ഭാഗത്ത് വമ്പൻ കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് സജ്ജീകരിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ പൈലിങ്ങും റോഡുനിർമാണവും ഒരേസമയംതന്നെ നടക്കുന്നുണ്ട്. നിർമാണത്തിനുള്ള യന്ത്രസംവിധാനങ്ങളും എത്തിത്തുടങ്ങി.

നിലവിലുള്ള റെയിൽവേ ട്രാക്കുകൾ മാറുന്നില്ല എന്നതൊഴിവാക്കിയാൽ സ്റ്റേഷൻ പൂർണമായും പുതിയതാവും. വൈ.എഫ്.സി. മുംബൈയുടെയും സേലം റാങ്ക് പ്രൊഡക്ട്‌സ് ആൻഡ് കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്.

വൈകിച്ചാൽ നഷ്ടപരിഹാരം നൽകണം

മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാവും. വൈകിയാൽ നിർമാണക്കമ്പനി റെയിൽവേക്ക്‌ നഷ്ടപരിഹാരം നൽകേണ്ടിവരും. നിർദിഷ്ടസമയത്തിലും നേരത്തേ നിർമാണം പൂർത്തിയാക്കിയാൽ റെയിൽവേ കമ്പനികൾക്ക് ബോണസ് നൽകും. ഇതിനാൽ, നവീകരണത്തിന്‌ വേഗംകൂട്ടിയിട്ടുണ്ട്.
Previous Post Next Post