വടകര∙ ചോറോട് കൈനാട്ടി മേൽപ്പാലത്തിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏറാമല എടോത്ത് മീത്തൽ വിജീഷിനെയാണ് (33) കഴിഞ്ഞ ദിവസം വടകര പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വടകര താഴെ അങ്ങാടി വലിയ വളപ്പ് കരകെട്ടിയ ചെറിയണ്ടി ഫാസിൽ (39) മരിച്ച സംഭവത്തിലാണ് അറസ്റ്റ്. 2023 സെപ്റ്റംബർ 13ന് രാവിലെ ആറു മണിയോടെയാണ് ഫാസിലിനെ കൈനാട്ടി മേൽപ്പാലത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് 5 ദിവസം മുമ്പാണ് ഇയാൾ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിയത്. പ്രഭാത സവാരി നടത്തുന്നവരാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത് രക്തം പുരണ്ട നിലയിൽ ഇയാളുടെ സ്കൂട്ടറുമുണ്ടായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും ചെവിയിൽ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരുന്നു. ലഹരിമരുന്ന് അമിതമായി കുത്തിവച്ചതിനെ തുടർന്നാണ് മരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് മൂന്നു പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ആഴ്ച ഏറാമല കുന്നുമ്മക്കരയിൽ ലഹരി മരുന്ന് സംഘത്തിൽപ്പെട്ട രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനുശേഷം നടത്തിയ അന്വേഷണത്തിലാണ് വിജീഷിനെപ്പറ്റിയുള്ള വിവരം ലഭിച്ചത്.
ജോലിയെന്താ? കോണ്‍ക്രീറ്റ് പണി, പക്ഷെ ഇടപാട് വേറെ; കയ്യോടെ പിടികൂടി പൊലീസ്
ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടിൽ വച്ചാണ് ഫാസിൽ ലഹരിമരുന്ന് കുത്തിവച്ച് അബോധാവസ്ഥയിലായത്. ആശുപത്രിയിൽ എത്തിക്കാൻ വിജീഷും മറ്റു രണ്ടുപേരും ചേർന്ന് ഫാസിലിനെ വാഹനത്തിൽ കയറ്റിയ ശേഷം കൈനാട്ടിയിലെ മേൽപ്പാലത്തിനു താഴെ കൊണ്ടുചെന്ന് തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ ലഹരിമരുന്ന് സംഘത്തിന്റെ പ്രധാനിയാണ് വിജീഷ് എന്ന് പൊലീസ് പറഞ്ഞു.
Young Man Found Dead Near Kainatti Flyover, Drug Overdose Suspected