കോഴിക്കോട് വ്യാജ പീഡന പരാതി നൽകി സഹപ്രവർത്തകനെ ജയിലിലാക്കിയ ഉദ്യോഗസ്ഥനെതിരെ കേസ്



കോഴിക്കോട്:ചിൽഡ്രൻസ് ഹോമിലെ ആൺകുട്ടിയെ ഉപയോഗിച്ചു വ്യാജ പീഡന പരാതി നൽകി സഹപ്രവർത്തകനെ ജയിലിലാക്കിയ സംഭവത്തിൽ വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. നേരത്തേ കോഴിക്കോട് ചിൽഡ്രൻസ് ഹോം കോഓർഡിനേറ്ററും പിന്നീട് വനിതാ ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കോഴിക്കോട് സ്വദേശിക്കെതിരെയാണ്  ശിശുവികസന വകുപ്പിന്റെ ഇടപെടലിൽ പൊലീസ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി സൂചന ഉണ്ടെങ്കിലും കസബ പൊലീസ് ഇൻസ്പെക്ടർ അറസ്റ്റ് സ്ഥിരീകരിച്ചില്ല.

പത്തു മാസം മുൻപാണ് വ്യാജ പരാതിയിൽ സഹപ്രവർത്തകനെ പോക്സോ കേസിൽ ജയിലിലടച്ചത്. ഈ ഉദ്യോഗസ്ഥൻ നേരത്തേ കോഴിക്കോട്  ചിൽഡ്രൻസ് ഹോമിൽ ജോലി ചെയ്യവെയാണ് ഇവിടുത്തെ കുട്ടിയെ ഉപയോഗിച്ചു വ്യാജ പരാതി നൽകി സഹപ്രവർത്തകനെ പോക്സോ കേസിൽ കുടുക്കിയതെന്നാണ് കസബ പൊലീസ് പറയുന്നത്. സഹപ്രവർത്തകനെതിരെ കുട്ടി പഠിക്കുന്ന സ്കൂളിൽ പീഡന പരാതി നൽകുകയായിരുന്നു. ഇതിൽ അന്നത്തെ കസബ ഇൻസ്പെക്ടർ പ്രാഥമിക അന്വേഷണം നടത്തി കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപ്രവർത്തകനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. തുടർന്ന് അന്വേഷണ റിപ്പോർട്ട് സിഡബ്ല്യുസിക്കു കൈമാറി. ഇതു പരിശോധിച്ചപ്പോൾ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വ്യാജ പരാതിയാണെന്നു കണ്ടെത്തുകയും പ്രതിയെ 68 ദിവസത്തിനു ശേഷം കേസിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നു പൊലീസ് പറഞ്ഞു.
ഇതിനിടെ, കോ ഓർഡിനേറ്റർക്കു വനിതാ ശിശുവികസന വകുപ്പിൽ ജോലി ലഭിച്ചു മറ്റൊരു ജില്ലയിലേക്കു പോകുകയായിരുന്നു. കുട്ടിയെ ദുരുപയോഗം ചെയ്തു സഹപ്രവർത്തകനെ ജയിലിൽ അടച്ച ഉദ്യോഗസ്ഥനെതിരെ കഴിഞ്ഞ മാർച്ചിലാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. 

case against the officer who jailed his colleague by filing a false harassment complaint

Previous Post Next Post