ക്യാമറയില്ല... ഒപ്പം തെളിവും



കോഴിക്കോട് : ഒരു വാഹനാപകടം നടന്നാൽ ആരുടെഭാഗത്താണ് തെറ്റെന്നു കണ്ടുപിടിക്കാനും ഏതെങ്കിലുമൊരു കുറ്റകൃത്യം നടന്നാൽ പ്രതികളെ കണ്ടെത്താനും പോലീസിന് ക്യാമറകൾ സഹായമാണ്. എന്നാൽ, നഗരത്തിന്റെ ചില പ്രധാനഭാഗങ്ങളിൽ ക്യാമറകളില്ലാത്തതിനാൽ എവിടെ അന്വേഷിക്കുമെന്ന് പോലീസിനുതന്നെ അറിയില്ല.

എ.എൻ.പി.ആർ., നഗരനിരീക്ഷണ ക്യാമറാ സംവിധാനങ്ങളുണ്ടെങ്കിലും ഇതിൽ പലതും അതിർത്തികളിലും ചില പ്രധാനപ്പെട്ട ജങ്ഷനുകളിലും മാത്രമാണ്. തൊണ്ടയാടുമുതൽ മാവൂർ റോഡുവരെയുള്ള ഭാഗത്ത് പോലീസിന്റെ ക്യാമറയില്ല. ഉള്ളത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള സ്ഥാപനങ്ങളിലെ ക്യാമറയാണ്.


കഴിഞ്ഞദിവസം ഓഫീസിലേക്ക് പോകുന്നതിനിടയിൽ അപകടകരമാംവിധം ബസ് ഓടിച്ച് ഇടിക്കാൻ ശ്രമിച്ചുവെന്ന് ട്രാഫിക് പോലീസിൽ പരാതിപ്പെട്ട യുവതിയോട് സംഭവംനടന്ന പരിസരത്ത് ക്യാമറകളില്ലെന്ന മറുപടിയാണ് നൽകിയത്. ബസ്സിനെതിരേ നടപടിയെടുക്കുന്നതിന് തെളിവില്ലെന്നും പറഞ്ഞു. പൊറ്റമ്മൽ ,അരയിടത്ത്പാലം എന്നിവിടങ്ങളിൽവെച്ചായിരുന്നു സംഭവം. ഇതുപോലെ തെളിവുകളില്ലാത്തതിനാൽ അന്വേഷണം എവിടെയുമെത്താത്ത ഒട്ടേറെ കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഉള്ള ഒന്നോ രണ്ടോ ക്യാമറകൾ പരിശോധിച്ചാൽ തെളിവുകിട്ടിയില്ലെങ്കിൽ കേസ് ഒഴിവാക്കും.
പോലീസിന്റെ ക്യാമറകളെല്ലാം നിരീക്ഷിക്കുന്നത് കമ്മിഷണർ ഓഫീസിനുള്ളിലെ സിറ്റി പോലീസ് കൺട്രോൾ റൂമിൽനിന്നാണ്. മൊത്തത്തിൽ 40 എ.എൻ.പി.ആർ. ക്യാമറകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിലുള്ളത്. 22 എണ്ണം ചിത്രവും 18 എണ്ണം വീഡിയോയും റെക്കോഡ്‌ ചെയ്യുന്നതിനാണ്. അതിൽ 11 എണ്ണം അതിർത്തികളിലാണ്. ഇതിൽ ചിലത് പ്രവർത്തിക്കുന്നില്ല. ഇതിനുപുറമേ 43 സാധാരണ ക്യാമറയുമുണ്ട്. ഇതിലും ചിലത് പ്രവർത്തിക്കുന്നില്ല.

മോട്ടോർവാഹന വകുപ്പ് ജില്ലയിൽ സ്ഥാപിച്ച 78 എ.ഐ. ക്യാമറകളിൽ 14 എണ്ണം നഗരത്തിലുണ്ട്. അത് വകുപ്പുതന്നെയാണ് നിരീക്ഷിക്കുന്നത്. ഇതിനുപുറമേ നേരത്തേ 14 ക്യാമറകൾ സ്ഥാപിച്ചിരുന്നു. പലപ്പോഴായി ഇതെല്ലാം കേടായി.

ഇടിമുഴിക്കൽ, വൈദ്യരങ്ങാടി, പാലോറമല, ഊർക്കടവ്, വി.കെ. റോഡ് (അത്തോളി), എലത്തൂർ, കക്കോടി മുക്ക്, പടനിലം, കോട്ടക്കടവ്, ചാലിയം, കളൻതോട് എന്നിവിടങ്ങളിലാണ് എ.എൻ.പി.ആർ. (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനൈസ്) ക്യാമറകൾ ഉള്ളത്.നഗരത്തിലെ ക്യാമറക്കണ്ണുകൾക്ക് മങ്ങൽ



പദ്ധതികളുണ്ട് നടപ്പാകുന്നില്ല

വ്യാപാരികളുമായി ചേർന്ന് പോലീസ് നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ക്യാമറ സ്ഥാപിക്കുന്നതിനായി പദ്ധതി കൊണ്ടുവന്നിരുന്നു. ചിലത് തുടങ്ങുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

പദ്ധതിക്ക്‌ മേൽനോട്ടംവഹിച്ച ഉദ്യോഗസ്ഥർ സ്ഥലംമാറിപ്പോയാൽ അത് നിലയ്ക്കും. അത്തരത്തിലൊരു പദ്ധതിയാണ് കണക്ട് കോഴിക്കോട്. അന്നത്തെ കമ്മിഷണർ കെ. ജയനാഥാണ് 2017-ൽ പദ്ധതി തുടങ്ങിയത്. അന്ന് റെസിഡൻറ്‌സ്‌ അസോസിയേഷനുകളും സ്ഥാപനങ്ങളുമെല്ലാമായി 516 ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പദ്ധതിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് കണ്ടുപിടിക്കാൻ കോർപ്പറേഷൻ ക്യാമറവെക്കാൻ പദ്ധതി ആസൂത്രണം ചെയ്തെങ്കിലും അതും ഫലംകണ്ടില്ല.
Previous Post Next Post