30 മീറ്ററിൽ ഒറ്റ സ്‍പാൻ! അഴിഞ്ഞിലം മേൽപ്പാലം തുറന്നു, യാത്രികർ ഹാപ്പി



കോഴിക്കോട് :സംസ്ഥാനത്ത് ആറുവരി ദേശീയപാതയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പലയിടങ്ങളിലും തുട‍ർച്ചയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിർമ്മാണം ഭാഗികമായി പൂർത്തിയായ ഭാഗങ്ങളും തുറന്നുകൊടുത്തുകൊണ്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് അധികൃത‍ർ. ഇപ്പോഴിതാ ആറുവരിപ്പാതയിലെ കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും ചെറിയ മേൽപ്പാലമായ അഴിഞ്ഞിലം മേൽപ്പാലം തുറന്നിരിക്കുന്നു. ഈ മേൽപ്പാലത്തിലൂടെ താത്കാലികമായി ഗതാഗതം തുടങ്ങി. 

അഴിഞ്ഞിലം മേൽപ്പാലം ഭാഗമായിട്ടാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. 30 മീറ്റർ മാത്രം നീളമുള്ള ഈ മേൽപ്പാലം ബൈപ്പാസിലെ ഏറ്റവും ചെറിയ മേൽപ്പാലമാണ്. ഭാര പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി പന്തീരാങ്കാവ് ഭാഗത്തേക്കുള്ള ഗതാഗതമാണ് ആദ്യഘട്ടത്തിൽ തുറന്നു നൽകിയത്. രാമനാട്ടുകര ഭാഗത്തുനിന്ന് ബൈപ്പാസിലൂടെ കോഴിക്കോട്ടേക്കുപോകുന്ന വാഹനങ്ങൾ കഴിഞ്ഞദിവസം മുതൽ അഴിഞ്ഞിലം ജംഗ്ഷനിൽ നിർമ്മിച്ച പടിഞ്ഞാറുവശത്തെ മേൽപ്പാലം കടന്നാണ് പോകുന്നത്. കിഴക്കുവശത്തെ മേൽപ്പാലവും വൈകാതെ തുറക്കും. 
ഇതോടെ ദേശീയപാതയിൽ അഴിഞ്ഞിലം ജംഗ്ഷനിൽ പതിവായ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ ഒഴിവായി. മേൽപാലത്തിൽ ചില്ലറ അറ്റകുറ്റപ്പണികൾ നടത്താനുള്ള രാമനാട്ടുകര ഭാഗവും ഉടൻ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്നു അധികൃതർ അറിയിച്ചു. ആറുവരിക്ക് അനുയോജ്യമായി 30 മീറ്റർ നീളമുള്ള ഒറ്റ സ്പാനിലാണ് അഴിഞ്ഞിലം ജംക്‌ഷനിൽ മേൽപ്പാലം നിർമിച്ചിരിക്കുന്നത്. ഫാറൂഖ്‌ കോളേജ് ഭാഗത്തുനിന്നും കാരാടുപറമ്പ് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ പടിഞ്ഞാറുവശത്തെ സർവീസ് റോഡിലൂടെ പോകുന്നത്. അതേസമയം അഴിഞ്ഞിലം ജങ്‌ഷനിലെ കിഴക്കുഭാഗത്തെ മേൽപ്പാലം തുറക്കാത്തതിനാൽ കിഴക്കുഭാഗത്തെ സർവീസ് റോഡിൽ തിരക്കുണ്ട്.

ബൈപ്പാസിൽ ചാലിപ്പാടം ഭാഗത്തു നിന്നാരംഭിച്ചു സലഫി പള്ളി പരിസരത്ത് എത്തിച്ചേരുന്നതാണു പുതിയ പാലം. 200 മീറ്റർ നീളവും 27 മീറ്റർ വീതിയും ഈ പാലത്തിനുണ്ട്. ദേശീയപാതയിൽ ഗതാഗത തടസം ഒഴിവാക്കാനും ഫാറൂഖ് കോളജ്, കാരാട് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ബൈപ്പാസ് സർവീസ് റോഡിലേക്കു പ്രവേശിക്കാനും സൗകര്യം ഒരുക്കിയുമാണ് അഴിഞ്ഞിലത്ത് മേൽപ്പാലം ഒരുക്കിയത്. രാമനാട്ടുകര മേൽപ്പാലം കഴിഞ്ഞാൽ റോഡിന്റെ ഇരുഭാഗത്തേക്കും പ്രവേശിക്കാനുള്ള മറ്റൊരു വഴി കൂടിയാണിത്. പാലം പൂർത്തിയായതോടെ അഴിഞ്ഞിലം, കാരാട്, പാറമ്മൽ, പുതുക്കോട്, ഫാറൂഖ് കോളജ്, കരുമകൻ കാവ്, കുറ്റൂളങ്ങാടി മേഖലയിലെ യാത്രക്കാർക്കു യാത്ര കൂടുതൽ എളുപ്പമായി. 

ഈ ഭാഗത്തെ നി‍മ്മാണം പൂർത്തിയായാൽ രാമനാട്ടുകര പന്തീരാങ്കാവ് വരെ കോഴിക്കോട് ബൈപ്പാസ്  നിർമാണം 80 ശതമാനം പൂർത്തിയാകും എന്നാണ് റിപ്പോര്‍ട്ടുകൾ. അറപ്പുഴ പാലത്തിൻ്റെ പ്രവർത്തിയാണ് നീണ്ടു പോകുന്നത്. ബാക്കി എല്ലാ സ്ഥലങ്ങളിലും നിർമാണം 80 ശതമാനം പൂർത്തിയായി. അഴിഞ്ഞിലം ഫ്ളൈ ഓവറിന് പിന്നാലെ രാമനാട്ടുകര, തൊണ്ടയാട് ഫ്ളൈ ഓവറുകളും ഉടൻ തന്നെ ഗതാഗതത്തിന് തുറന്നു കൊടുക്കും. പന്തീരാങ്കാവ് ഫ്ളൈ ഓവറിൻ്റെ അപ്രോച്ച് റോഡ് നിർമാണവും അവസാന ഘട്ടത്തിൽ എത്തി.

ആറുവരിപ്പാതയിൽ നിർമിച്ച ആദ്യത്തെ മേൽപ്പാലമാണ് താത്കാലികമായി ഇപ്പോൾ ഗതാഗതത്തിന് തുറന്നുനൽകിയത്. അഴിഞ്ഞിലം ചാലിയിൽനിന്ന് മണ്ണിട്ടുയർത്തിയാണ് മേൽപ്പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡുകൾ നിർമിച്ചത്. പുതിയ റോഡിൽ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ മണ്ണ് കുറച്ചു താഴാൻ സാധ്യതയുണ്ടെന്നും ഇതിനുശേഷമേ റോഡിൽ അവസാനഘട്ടം ടാറിങ് നടത്തുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകൾ.

Azhinjilam flyover in NH 66 opened at Kozhikode Ranattukara Bypass
Previous Post Next Post