കോഴിക്കോട്: സ്കൂൾ വാഹനങ്ങളിൽ സുരക്ഷിതയാത്രയൊരുക്കാൻ മോട്ടോർ വാഹനവകുപ്പ് പരിശോധന ശക്തമാക്കും. മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 500-ലധികം സ്കൂൾബസുകളാണുള്ളത്. ഒാരോ സബ് ആർ.ടി. ഓഫീസുകളുടെ പരിധിയിലുള്ള സ്കൂളുകളുടെ വാഹനങ്ങൾ അതത് ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരാണ് പരിശോധിക്കുക.
സ്കൂൾ തുറക്കുന്നതിനുമുന്നേ എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്ന് കോഴിക്കോട് ആർ.ടി.ഒ. പി.ആർ. സുമേഷ് പറഞ്ഞു. പരിശോധന തുടങ്ങി. ഫിറ്റ്‌നസ് പരിശോധനയിൽ വീഴ്ച സംഭവിച്ച വാഹനങ്ങൾ പ്രശ്നം പരിഹരിച്ചശേഷം വീണ്ടും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂളുകളിലെത്തിയാണ് ഇപ്പോൾ പരിശോധന നടത്തുന്നത്. അതിനുപുറമേ ഓഫീസ് പരിധിയിലെ ഗ്രൗണ്ടുകളിൽ വാഹനങ്ങളുമായി എത്താൻ നിർദേശം നൽകും. കോഴിക്കോട് ആർ.ടി. ഓഫീസ് പരിധിയിലെ സ്കൂൾവാഹനങ്ങൾ 29-ന് ബുധനാഴ്ച രാവിലെ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ പരിശോധിക്കും.
കൊയിലാണ്ടി സബ് ആർ.ടി. ഓഫീസിനു കീഴിലെ സ്കൂൾബസുകളുടെ ഫിറ്റ്നസ് പരിശോധന ബുധനാഴ്ച പയ്യോളി ഗവ. ഹൈസ്കൂളിൽ നടത്തി. വാഹനങ്ങളുടെ ടയർ തേയ്മാനം, വൈപ്പർ, ലൈറ്റുകൾ, ബ്രേക്ക്, സീറ്റുകളുടെ വൃത്തി എന്നിവയാണ് പരിശോധിക്കുക.
ചെറിയവാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നത് സ്ഥിരം കാഴ്ചയാണ്. അത് തടയുന്നതിനായി ഓട്ടോ, കോൺടാക്ട് കാരേജ് വാഹനങ്ങളും പരിശോധിക്കും. എല്ലാ സ്കൂൾവാഹനങ്ങളിലും ജി.പി.എസ്. സംവിധാനം ഘടിപ്പിക്കണമെന്ന് മോട്ടോർവാഹനവകുപ്പിന്റെ നിർദേശമുണ്ട്. ആളൊഴിഞ്ഞ ഭാഗങ്ങളിൽ സ്കൂൾവാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ജി.പി.എസ്. വഴി കണ്ടെത്താനാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പാലിക്കണം, ഈ നിർദേശങ്ങൾ
- സ്കൂൾവാഹനം ഓടിക്കുന്ന ഡ്രൈവർക്ക് പത്തുവർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയം വേണം. ഹെവിവാഹനം ഓടിക്കുന്നവരാണെങ്കിൽ അഞ്ചുവർഷത്തെ പരിചയം ആവശ്യമാണ്.
- വിദ്യാഭ്യാസ വാഹനങ്ങളുടെ മുന്നിലും പിന്നിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ് എന്ന് വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം
- സ്ഥാപനത്തിന്റെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്‌പോർട്ട് വാഹനങ്ങളാണെങ്കിൽ വെള്ളപ്രതലത്തിൽ നീല അക്ഷരത്തിൽ ‘ഓൺ സ്‌കൂൾ ഡ്യൂട്ടി’ എന്ന ബോർഡ് പ്രദർശിപ്പിക്കണം
- സ്കൂൾവാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതിനോ അധികവേഗത്തിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് ഉറപ്പാക്കണം
- സ്കൂൾവാഹനങ്ങളിൽ പരമാവധി 50 കിലോമീറ്റർ വേഗം നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കണം
- വാതിലുകളുടെ എണ്ണത്തിന് തുല്യമായ അറ്റൻഡർമാർ എല്ലാ സ്കൂൾബസിലും ഉണ്ടായിരിക്കണം
- സീറ്റിങ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്രചെയ്യാൻ അനുവദിക്കാവൂ
- കൂളിങ് ഫിലിം/ കർട്ടൻ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം.
School vehicle inspection started in the district
Tags:
RTO