വിരലിന് പകരം നാവിന് ശസ്ത്രക്രിയ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്കോഴിക്കോട്:ചെറുവണ്ണൂര്‍ സ്വദേശിയായ നാലുവയസുകാരിയുടെ ആറാം വിരല്‍ ശസ്ത്രക്രിയയ്ക്ക് പകരം നാവില്‍ ശസ്ത്രക്രിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ കേസ്. ഡോ ബിജോണ്‍ ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസ്. ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി.

ആറാം വിരല്‍ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായില്‍ പഞ്ഞിയുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നീട് കൈയില്‍ ആറാം വിരല്‍ ഉള്ളതായും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവില്‍ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
ഇനി ഇങ്ങനെ ഒരു അനുഭവം ആര്‍ക്കും ഉണ്ടാകരുതെന്ന് കുടുംബം പ്രതികരിച്ചു. കുട്ടിയുടെ നാവിന് കുഴപ്പമുണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടി മാറിപോയെന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. ശാസ്ത്രക്രിയ മൂലം കുട്ടിക്ക് ഭാവിയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് സംഭവത്തിനിടയാക്കിയതെന്ന് കുടുംബം വിമര്‍ശിച്ചു.

case against kozhikode medical collage doctor in medical negligence
Previous Post Next Post