അയൽക്കൂട്ടത്തിന്റെ വായ്പത്തട്ടിപ്പ്: തെളിവെടുപ്പ് നടത്തി



കോഴിക്കോട്:വ്യാജവിവരങ്ങൾ നൽകി കുടുംബശ്രീവഴി അയൽക്കൂട്ടം വായ്പത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ നിർദേശപ്രകാരം റീജണൽ പെർഫോമൻസ് ഓഡിറ്റ് വിഭാഗം തെളിവെടുപ്പ് നടത്തി. ന്യൂനപക്ഷമെന്നരീതിയിൽ തെറ്റായവിവരം നൽകിയാണ് എലത്തൂരിലെ നന്മ, പൂഞ്ചോല അയൽക്കൂട്ടങ്ങൾ പിന്നാക്കവികസനകോർപ്പറേഷനിൽനിന്ന് 25.6 ലക്ഷം രൂപ വായ്പയെടുത്തത്. 2023 ജൂണിലാണ് തട്ടിപ്പ് പുറത്തുവന്നത്.
പണം തിരിച്ചടച്ച് പ്രശ്നത്തിന് പരിഹാരംകാണുകയാണ് ചെയ്തത്. കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ മേയർക്ക് പരാതികൊടുത്തതോടെയാണ് പ്രശ്നം പുറത്തായത്. നന്മ അയൽക്കൂട്ടം 14.6 ലക്ഷവും പൂഞ്ചോല 11 ലക്ഷവും വായ്പയെടുത്തിരുന്നു. ന്യൂനപക്ഷമല്ലാഞ്ഞിട്ടും ആ രീതിയിൽ വിവരങ്ങൾ നൽകിയായിരുന്നു വായ്പയെടുത്തത്. സംഭവത്തിൽ കുടുംബശ്രീ മിഷൻ അന്വേഷണംനടത്തി പ്രോജക്ട് ഓഫീസർക്കും നോർത്ത് സി.ഡി.എസിനും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. തട്ടിപ്പ് പുറത്തുവന്നപ്പോൾ അയൽക്കൂട്ടങ്ങളെ പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു.

യു.ഡി.എഫ്. കൗൺസിലർമാരാണ് തദ്ദേശവകുപ്പ് ഓംബുഡ്‌സ്മാന് പരാതിനൽകിയത്. ഓഡിറ്റർ പി. ബിജുവിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓഫീസിലെത്തി ഫയലുകൾ പരിശോധിച്ചു. രണ്ടുദിവസങ്ങളിലായി ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിനുപുറമേ യു.ഡി.എഫ്. കൗൺസിൽ പാർട്ടി ലീഡർ കെ.സി. ശോഭിത, കൗൺസിലർ കെ. മൊയ്തീൻകോയ എന്നിവരും ഉദ്യോഗസ്ഥനുമുന്നിൽ വിവരംനൽകി. കുടുംബശ്രീ മിഷന്റെ ശുപാർശ നടപ്പാക്കണമെന്നും എ.ഡി.എസ്., നോർത്ത് സി.ഡി.എസ്. ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ, പ്രോജക്ട്‌ ഓഫീസർ തുടങ്ങിയവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കുടുംബശ്രീ ഓഫീസിൽ നിലവിൽ അക്കൗണ്ടിങ് സോഫ്റ്റ്‌വേർ ഇല്ലെന്നും മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഏർപ്പെടുത്താനുള്ള ശുപാർശ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Previous Post Next Post