9 വയസുകാരിയെ കോമയിലാക്കിയ അപകടം; ഇടപെട്ട് ലീ​ഗൽ സർവീസ് അതോറിറ്റി; നഷ്ടപരിഹാരത്തിനുള്ള എല്ലാ സാധ്യതകളും തേടും



കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചുവീഴ്ത്തി കോമ സ്റ്റേജിലാക്കിയ വാഹനാപകട സംഭവത്തിൽ ഇടപെട്ട് ലീ​ഗൽ സർവ്വീസ് അതോറിറ്റി. ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ടി അൻസി കുട്ടിയെ സന്ദർശിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയാണ് കുട്ടിയുടെ കുടുംബത്തെ കണ്ടത്. കുടുംബത്തിന് അടിയന്തര നഷ്ടപരിഹാരം എത്തിക്കാനുള്ള എല്ലാ സാധ്യതകളും തേടുന്നെന്ന് ജില്ല ലീ​ഗൽ സർവീസ് അതോറിറ്റി അറിയിച്ചു.


കുട്ടിക്ക് എല്ലാത്തരത്തിലുള്ള നിയമസഹായവും എത്തിക്കുമെന്ന് കഴിഞ്ഞ ദിവസം ലീ​ഗൽ സർവീസ് അതോറിറ്റി അറിയിച്ചിരുന്നു. കുഞ്ഞിന്റെ ദയനീയ അവസ്ഥ സബ്‍ജഡ്ജ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. നാളെ ഹൈക്കോടതിയുടെ കീഴിലുള്ള കേരള ലീ​ഗൽ സർവീസ് അതോറിറ്റിയുടെ അഭിഭാഷകർ കൂടി കുട്ടിയെ സന്ദർശിക്കും. മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ കേസെടുത്തിരുന്നു. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ വടകര റൂറൽ എസ്പിക്ക് നിർദേശം നൽകി. കേസ് അടുത്തമാസം 27 ന് കമ്മീഷൻ പരിഗണിക്കും. 
ഈ വര്‍ഷം ഫെബ്രുവരി 17 ന് വടകര ചോറോട് ദേശീയ പാതയിൽ വെച്ചാണ് ഒമ്പതുവയസുകാരി ദൃഷാനയെയും മുത്തശ്ശി ബേബിയെയും ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയത്. കാറിനെക്കുറിച്ച് ആറുമാസമായിട്ടും പൊലീസിന് ഒരു തുമ്പും കണ്ടെത്താനാകാത്തതിനെക്കുറിച്ചും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോമ സ്ഥിതിയില്‍ കഴിയുന്ന കുട്ടിക്ക് അപകട ഇന്‍ഷുറന്‍സ് പോലും ലഭിക്കാത്തതിക്കുറിച്ചുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

വാര്‍ത്തകൾ ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടു. ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേന വടകര പൊലീസില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പട്ടു. ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധികള്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുടുംബത്തിന് സൗജന്യ നിയമസഹായത്തിനായി അഭിഭാഷകനെ കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ചു.  ഇടിച്ച വാഹനം കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന്  വാര്‍ത്തയ്ക്ക് പിന്നാലെ വടകര റൂറല്‍ എസ്പി പ്രതികരിച്ചു. 

കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം എസ്പി വിലയിരുത്തി. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ചോറോട് ഭാഗത്തെ നിരവധി കടകള്‍ പൊളിച്ചു മാറ്റിയത് സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ തടസമായെന്നാണ് പൊലീസ് വാദം. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. നേരത്തെ പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് കുടുംബം പറഞ്ഞു. വാഹനത്തിന്റെ സൂചനകളെക്കുറിച്ചുള്ള ഒരു മൊഴി നേരത്തെ ഓട്ടോക്കാരനില്‍ നിന്നും പൊലീസിന് ലഭിച്ചെങ്കിലും ഇതിന് ഉപോല്‍ബലകമായ മറ്റ് വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. 
Previous Post Next Post