ഫറോക്ക് : ചെറുവണ്ണൂർ സ്കൂളിനുമുന്നിലെ സീബ്രാലൈൻ മുറിച്ചുകടക്കവേ വിദ്യാർഥിനിയെ ബസ്സിടിച്ചു തെറിപ്പിച്ച സംഭവത്തിൽ അപകടംവരുത്തിയ സ്വകാര്യബസിലെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അതിവേഗത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ബസിലെ ഡ്രൈവർ എടക്കര സ്വദേശി പി. സൽമാന്റെ ലൈസൻസ് ഫറോക്ക് ജോയൻറ് ആർ.ടി.ഒ. സി.പി. ഷബീർ മുഹമ്മദ് സസ്പെൻഡ് ചെയ്തത്. കൂടാതെ അഞ്ചു ദിവസത്തെ പെയിൻ ആൻഡ് പാലിയേറ്റീവ് സേവനത്തിനും മൂന്നു ദിവസത്തെ മോട്ടോർ വാഹനവകുപ്പിന്റെ ക്ലാസിനും ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.കെ. സുനിലും ജിജി അലോഷ്യസും ചേർന്ന സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്വദേശിനി തയ്യിൽ നിസാറിന്റെ മകൾ ഫാത്തിമ റിന (18) യെയാണ് കോഴിക്കോട് -കാളികാവ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം.
വാഹനങ്ങൾ വരുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് സീബ്രാലൈനിലൂടെ ഫാത്തിമ റിന റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. എന്നാൽ കോഴിക്കോട്ടുനിന്ന് മഞ്ചേരി ഭാഗത്തേക്ക് അതിവേഗത്തിൽ പോവുകയായിരുന്ന ‘പാസ്’ ബസ് റിനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലുള്ള കടയ്ക്ക് മുന്നിലേക്ക് തെറിച്ചു വീണ റിന അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്.