ഡോക്ടറുടെ പക്കൽ നിന്നും തട്ടിയെടുത്തത് 4.08 കോടി; രാജസ്ഥാൻ സ്വദേശിക്കെതിരെ അന്വേഷണം



കോഴിക്കോട്∙ ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 4.08 കോടി രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കോഴിക്കോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. രാജസ്ഥാൻ ദൂർഖാപുർ സ്വദേശിയായ ഡോക്ടർ 20 വർഷം മുമ്പാണ് കോഴിക്കോടെത്തി സ്ഥിര താമസമാക്കിയത്. 

സമുദായത്തിന്റെ ഉന്നമനത്തിന് സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് രാജസ്ഥാൻ സ്വദേശിയായ അമിത് എന്ന് പരിചയപ്പെടുത്തിയ ആൾ ഡോക്ടറെ ആദ്യം സമീപിച്ചത്. സേവന പ്രവ‍ർത്തനങ്ങൾ ചെയ്യാറുള്ള ഡോക്ടർ സഹായം നൽകി. തുടർന്ന് ചികിത്സ ആവശ്യങ്ങളുൾപ്പെടെ പല കാരണങ്ങൾ പറഞ്ഞ് വീണ്ടും തുക വാങ്ങി. ഈ വർഷം ജനുവരി 31 മുതൽ ഓഗസറ്റ് 23 വരെയുള്ള ദിവസങ്ങളിലാണ് 4,08,80,457 രൂപ വാങ്ങിയത്. 
ഇതിനിടെ ഡോക്ടർ രാജസ്ഥാനിൽ കേസിൽപ്പെട്ടിട്ടുണ്ടെന്നും ഒഴിവാക്കാൻ പൊലീസിന് കൈക്കൂലി നൽകാനെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. പണം നൽകാനില്ലാതെ വന്നതോടെ സ്വർണം പണയം വയ്ക്കാൻ മകന്റെ സഹായം തേടി. മകൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ഓഗസ്റ്റ് 31ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Kozhikode doctor loses crores in cyber fraud
Previous Post Next Post