തീരദേശഹൈവേ:1.85 ഏക്കർ ഏറ്റെടുക്കും



എലത്തൂർ : തീരദേശ ഹൈവെയുടെ ഭാഗമായി എലത്തൂരിൽ സൈക്കിൾ ട്രാക്ക് നിർമിക്കാനായി 1.85 ഏക്കർ ഭൂമി ഏറ്റെടുക്കും. നിലവിൽ തീരദേശഹൈവേയുടെ അതിർത്തിക്കല്ലിടൽ പുരോഗമിക്കുകയാണ്.

പാത കടന്നുപോകുന്ന എലത്തൂരിൽ പുതിയനിരത്തുമുതൽ കോരപ്പുഴ പാലംവരെയുള്ള ഭാഗത്തെ ഭൂമിയിലാണ് അതിർത്തിക്കല്ലിടൽ നടക്കുന്നത്. നിലവിലുള്ള റോഡിന് വീതിയുള്ളതിനാൽ സൈക്കിൾ ട്രാക്കിനുവേണ്ടി മാത്രമാണ് ഭൂമിയേറ്റെടുക്കുക. 60.75 ലക്ഷമാണ് ഭൂമിയേറ്റെടുക്കലിനുമാത്രമായി അനുവദിച്ചത്. പുതിയാപ്പമുതൽ പുതിയനിരത്തുവരെ 15.6 മീറ്റർ വീതിയിൽ നേരത്തേതന്നെ അതിർത്തിക്കല്ലിടൽ പൂർത്തിയാക്കിയിരുന്നു.
2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, വശങ്ങളിൽ 1.5 മീറ്റർ വീതിയിൽ നടപ്പാത, അഴുക്കുചാൽ എന്നിവയാണ് പാതയുടെ ഭാഗമായി നിർമിക്കുക. കോരപ്പുഴമുതൽ കൊയിലാണ്ടി ഹാർബർ പരിസരംവരെ കല്ലിടൽ 90 ശതമാനത്തിലധികം പൂർത്തിയായി. തുടർന്നുള്ള മേഖലയിൽ ചിലയിടങ്ങളിൽ കല്ലിടൽ അവസാനഘട്ടത്തിലാണ്. ജില്ലയിൽ കടലുണ്ടിക്കടവിൽനിന്ന് തുടങ്ങുന്ന പാത അഴിയൂരിലൂടെയാണ് (84 കി.മീ.) കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കുക. നിലവിലുള്ള പാതകളുടെ വീതികൂട്ടിയും കൂട്ടിയോജിപ്പിച്ചുമാണ് ഹൈവേ യാഥാർഥ്യമാക്കുക.

ആശങ്കയകറ്റണം

റോഡിന്റെ വശങ്ങളിൽ അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതിനാൽ തൊഴിൽനഷ്ടപ്പെടുമെന്ന ആശങ്കയിലാണ് എലത്തൂരിലെ വ്യാപാരികളെന്നും, ആശങ്കയകറ്റാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു എസ്.എം. ഗഫൂർ അധ്യക്ഷനായി.
Previous Post Next Post