കോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും എന്തിന് പാലക്കാട് വരെ ലുലു മാള്‍ തുറന്നിട്ടും തങ്ങള്‍ക്കൊരു ലുലുമാള്‍ ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു കോഴിക്കോടുകാർ. ആ വിഷമം മാറുന്നത് മാങ്കാവില്‍ പുതിയ ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനം ആരഭിച്ചിച്ചതോടെയാണ്. ഇതോടെ കാത്തിരിപ്പ് മാള്‍ എന്ന് തുറക്കും എന്നതിനായി. ഒടുവില്‍ ഇപ്പോഴിതാ കോഴിക്കോടെ ലുലു മാള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പ് വന്നിരിക്കുകയാണ്.
കോഴിക്കോട് മാളിന്റെ പ്രവർത്തനം സെപ്തംബർ 9 ന് ആരംഭിക്കുമെന്നാണ് ലുലു ഗ്രൂപ്പ് അധികൃതർ തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഓണത്തിന് മുമ്പ് കോഴിക്കോട് മാളിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്. ഓണവും ഉദ്ഘാടനവും ഒരുമിച്ച് വരുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകളും ലുലു ഗ്രൂപ്പ് ഒരുക്കും.
ഇന്ത്യയിലെ ലുലു മാളിന്റെ ഏഴാമത്തെ മാളാണിത്. ലുലു ഹൈപ്പർ മാർക്കറ്റിന് പുറമ ഇന്ത്യൻ, അന്തർദേശീയ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളും എന്റർടെയിമെന്റ് സൗകര്യങ്ങളും ഇവിടേയുണ്ടാകും. സെപ്തംബർ 9 ന് രാവിലെ 11.30 നാണ് ഉദ്ഘാടനം. "എല്ലാ ബ്രാൻഡുകളും ഇപ്പോൾ കോഴിക്കോട് ലുലു മാളിൽ ഉണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഫിറ്റ്-ഔട്ടുകൾ അതിവേഗം പുരോഗമിക്കുകയാണ്, ഉടൻ തന്നെ ലോഞ്ച് ചെയ്യും... കോഴിക്കോട്ട് ലുലു മാളിലെ ഗംഭീരമായ ഉദ്ഘാടനത്തിനും സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവത്തിനും വേണ്ടി കാത്തിരിക്കുക" എന്നായിരുന്നു ലുലു മാൾസ് ഇന്ത്യ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ നേരത്തെ കുറിച്ചത്. മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കോഴിക്കോട് മാൾ.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ബ്രാന്‍ഡുകളും വിപുലമായ ശ്രേണികളുള്ള ഈ മാളിൽ 16 ബ്രാന്‍ഡുകളും 400 സീറ്റുകളുമുള്ള ഫുഡ് കോർട്ടും കുട്ടികൾക്കായി ഒരു വിനോദ മേഖലയും ഇവിടെ തയ്യാറാണ്. 1.5 ലക്ഷം ചതുരശ്ര അടി മേഖലയിലായിരിക്കും ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കോഴിക്കോടിന് പുറമെ ലഖ്‌നൗ, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലു ഗ്രൂപ്പിന് മാളുകളുള്ളത്. കേരളത്തില്‍ കോട്ടയത്ത് ലുലു ഗ്രൂപ്പിന്റെ പുതിയ മാളിന്റെ നിർമ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്.
ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാജ്യങ്ങൾ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, റീട്ടെയിൽ കമ്പനികൾ എന്നിവയുടെ വിപുലമായ ശൃംഖലയാണ് ലുലു ഗ്രൂപ്പിനുള്ളത്. അമേരിക്ക അടക്കം 22 രാജ്യങ്ങളിലായി 250-ലധികം ഹൈപ്പർമാർക്കറ്റുകളും 25 ഷോപ്പിംഗ് മാളുകളും ഗ്രൂപ്പിനുണ്ട്.
അതേസമയം, ലുലു മാള്‍ എന്നത് കോഴിക്കോടുകാരുടെ ദീർഘനാളത്തെ ആഗ്രഹമാണെങ്കിലും മാള്‍ കാരണമുണ്ടായേക്കാവുന്ന ഗതാഗത കുരുക്ക് വലിയ ആശങ്കയാണ്. നിലവില്‍ തന്നെ വലിയ തിരക്കുള്ള മേഖലയാണിത്. ഈ സാഹചര്യത്തില്‍ ഈ പ്രശ്നത്തിന് പരിഹാരം തേടി ലുലു ഗ്രൂപ്പ് അധികൃതർ തന്നെ മുന്നിട്ട് ഇറങ്ങിയിരുന്നു. മാങ്കാവ് മേഖലയില്‍ ഉണ്ടായേക്കാവുന്ന വന്‍ഗതാഗത കുരുക്ക് പരിഹരിക്കാനാവശ്യമായ പരിഷ്കരണത്തിന് നിർദേശങ്ങള്‍ സമർപ്പിക്കാന്‍ നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റിനെ (നാറ്റ്പാക്) ഏല്‍പ്പിക്കുകയായിരുന്നു. ലുലു മാള്‍ അധികൃതരുടെ തന്നെ ആവശ്യപ്രകാരം തന്നെയാണ് നാറ്റ്പാക് പഠനം നടത്തിയത്. നാറ്റ്പാക്ക് അധികൃതർ നല്‍കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തില്‍ മാളിന്റെ പരിസരത്ത് സ്വീകരിക്കാവുന്ന ഗതാഗതപരിഷ്കാരങ്ങൾ സംബന്ധിച്ച് ലുലു അധികൃതർ സർക്കാറിന് റിപ്പോർട്ട് നല്‍കി. സർക്കാർ നടത്തേണ്ട നീക്കങ്ങള്‍ക്ക് പുറമെ ഗതാഗത സ്തംഭനം ഒഴിവാക്കുന്നതിന് വേണ്ടി ലുലു മാള്‍ അധികൃതരും തങ്ങളുടേതായ നിലയില്‍ ഇവിടെ ചില പരിഷ്കാരങ്ങള്‍ ആലോചിക്കുന്നുണ്ട്. സർക്കാർ സ്വീകരിക്കുന്ന തീരുമാനം അനുസരിച്ചായിരിക്കും ലുലു മാളിന്റെ സ്വന്തം നിലയ്ക്കുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുക.