മടവൂർ: ചെന്നൈ റെഡ്ഹിൽസിനു സമീപം ആലമാട്ടിയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മടവൂർ സ്വദേശിയായ യുവാവ് മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന മടവൂർ സി.എം മഖാമിന് സമീപം തെച്ചൻകുന്നുമ്മൽ അനസ് (29) ആണ് മരിച്ചത്: ഭാര്യ: ഫാത്തിമ നസ്റിൻ. മക്കൾ: അമാന ഫാത്തിമ, തെൻഹ ഫാത്തിമ. പിതാവ്: മുഹമ്മദലി. മാതാവ്: റഹ്മത്ത്.
ഇന്നലെ നടന്ന അപകടത്തിൽ ടാക്സി യാത്രക്കാരായിരുന്ന ഉഷാറാണി (48), ഇവരുടെ മക്കൾ സായ് മോനിഷ (4) എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഉഷാറാണിയുടെ ഭർത്താവ് ജയവേലിനെയും (52) സായ് മോനിഷയുടെ ഇരട്ട സഹോദരൻ സായി മോഹിതിനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഞായറാഴ്ച ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈറോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാർ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാർ അധികൃതരെ അറിയിക്കുകയുമായിരുന്നു.
അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായും പരിക്കേറ്റ ജയദേവും മകനും അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതർ അറിയിച്ചു. റെഡ്ഹിൽസ് ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിങ് (ടിഐഡബ്ല്യു) കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Tags:
Accident