കയാക്കിംഗ് സെന്റര്‍ യാഥാര്‍ഥ്യത്തിലേക്ക് നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ഇന്ന്



മലബാറിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും തിരുവമ്പാടി മണ്ഡലത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ക്കും പുത്തനുണര്‍വേകി കയാക്കിംഗ് സെന്റര്‍ യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി  ഉദ്ഘാടനം വെള്ളിയാഴ്ച (ജൂലൈ 2) വൈകിട്ട് 3.30ന് പൊതുമരാമത്ത്-വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ലിന്റോ ജോസഫ് എംഎല്‍എ പങ്കെടുക്കും.  

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയ വൈറ്റ് വാട്ടര്‍ കയാക്കിംഗിന് പ്രശസ്തിയാര്‍ജിച്ച കേന്ദ്രങ്ങളാണ് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുലിക്കയം, കുറുങ്കയം, മീന്‍തുള്ളിപ്പാറ, അരിപ്പാറ തുടങ്ങിയ സ്ഥലങ്ങള്‍. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണിവ. തുടര്‍ച്ചയായി ഏഴ് തവണയാണ് ഇവിടെ മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി വൈറ്റ് വാട്ടര്‍ കയാക്കിംഗ് സംഘടിപ്പിച്ചത്. കാനഡ, യുഎസ്എ, ഇറ്റലി, നേപ്പാള്‍, ഡെന്‍മാര്‍ക്ക്, റഷ്യ, സിംഗപ്പൂര്‍, യു.കെ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കയാക്കര്‍മാരാണ് മത്സരങ്ങളില്‍ മാറ്റുരച്ചത്.

കയാക്കിംഗ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനായി 99,14,864 രൂപയാണ് വിനോദ സഞ്ചാര വകുപ്പ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി പുലിക്കയത്ത് ഒരു കയാക്കിംഗ് സെന്ററും മത്സര ത്തിന് വേദിയാകുന്ന മറ്റ് സ്ഥലങ്ങളിലെല്ലാം കയാക്കിംഗ് ഇവന്റ് നടത്തുന്നതിനാവശ്യമായ റാമ്പ് ഉള്‍പ്പെടെയുള്ള വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക. റാമ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ മത്സര സമയത്ത് മാത്രം സജ്ജീരിക്കാന്‍ പറ്റുന്ന വിധത്തിലാണ് നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു പവലിയനും സജ്ജീകരിക്കുന്നുണ്ട്. കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡാണ് (കെല്‍) നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.

സംസ്ഥാന ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തിലാണ് ഏഴ് വര്‍ഷമായി കയാക്കിങ്ങ് മേള നടത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന് പുറമേ ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് റിവര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചത്.
Previous Post Next Post