ഒരുവര്‍ഷം അതിവേഗത്തില്‍ ചീറിപ്പാഞ്ഞത് 89 തവണ; കണ്ണൂര്‍ സ്വദേശിക്ക് പിഴ 1.33 ലക്ഷം


കോഴിക്കോട്: അതിവേഗത്തിൽ വാഹനമോടിച്ചതിന് കണ്ണൂർ സ്വദേശിയായ യുവാവിൽനിന്ന് മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവർഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോർത്ത് സോണിന്റെ ക്യാമറയിൽ പതിഞ്ഞത്. 2022-ൽ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി.

ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞദിവസം വാഹനം അപകടത്തിൽപ്പെട്ടു. ഇൻഷുർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്. പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് വാഹനം ബ്ലാക് ലിസ്റ്റിൽപെടുത്തിയിരുന്നു. തുടർന്ന് കോഴിക്കോട് ആർ.ടി.ഓഫീസിൽ പിഴ അടയ്ക്കുകയായിരുന്നു. ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതൽ ക്യാമറയിൽ പതിഞ്ഞത് വാളയാർ-തൃശ്ശൂർ റോഡിലാണെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറഞ്ഞു.


Previous Post Next Post