ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത: സര്‍വേ പുരോഗമിക്കുന്നു


തിരുവമ്പാടി: ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ സര്‍വേ പുരോഗമിക്കുന്നു. അന്തിമ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) പ്രകാരം രണ്ടു തുരങ്കങ്ങള്‍ക്കും നാലുവരി സമീപ റോഡിനും പാലത്തിനുമടക്കം 2043.74 കോടി രൂപയാണ് ചെലവുവരുന്നത്. ഇത് സര്‍ക്കാറിന്റെ പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ചു.


നേരത്തേ പ്രാഥമിക പരിശോധനകളുടെ ഭാഗമായി 658 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പദ്ധതിയുടെ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനുവേണ്ടി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ചേര്‍ന്ന യോഗത്തില്‍ നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന റോഡും സമീപ റോഡും ദേശീയപാതയോ സംസ്ഥാന പാതയോ അല്ലാത്തതിനാല്‍ പാരിസ്ഥിതികാഘാത നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കി. നിലവില്‍ പദ്ധതിക്കാവശ്യമായ ഏഴ് ഹെക്ടര്‍ സ്വകാര്യ ഭൂമി സംബന്ധിച്ച്‌ റവന്യു വിഭാഗം, കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍, പൊതുമരാമത്ത് വിഭാഗം എന്നിവരുടെ സംയുക്ത പരിശോധന നടക്കുന്നുണ്ട്. പദ്ധതിക്കാവശ്യമായ വനഭൂമി സംബന്ധിച്ച്‌ പരിവേഷ് പോര്‍ട്ടലില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ലിന്റോ ജോസഫ് എം.എല്‍.എ അറിയിച്ചു. വനം വകുപ്പ് അനുമതിയും സര്‍ക്കാറിന്റെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചാലുടന്‍ തുരങ്കനിര്‍മാണ നടപടികളിലേക്ക് കടക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Previous Post Next Post